കൽപ്പറ്റ: വയനാട് ലക്കിടി റിസോർട്ടിൽ മാവോയിസ്റ്റ് സി പി ജലീൽ കൊല്ലപ്പെട്ട ഏറ്റുമുട്ടലിൽ പൊലീസിന് ക്ലീൻ ചിറ്റ് നൽകിയ മജിസ്റ്റീരിയൽ റിപ്പോർട്ടിനെതിരെ ജലീലിന്‍റെ കുടുംബം കോടതിയെ സമീപിച്ചു. മജിസ്റ്റിരിയില്‍ റിപ്പോർട്ട്  റദ്ദാക്കി ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകളടക്കം പരിഗണിച്ചുള്ള പുനരന്വേഷണം നത്തണമെന്നാണ് ആവശ്യം. കേസ് ഫയലില്‍ സ്വീകരിച്ച കോടതി ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. 

വൈത്തിരി വെടിവെപ്പില്‍ ഗൂഡാലോചന നടന്നിട്ടില്ലെന്നായിരുന്നു ഒക്ടോബറില്‍ സമർപ്പിച്ച മജിസ്റ്റിരിയല്‍ റിപ്പോർട്ട്. സംഭവം നടക്കുമ്പോള്‍ ജില്ലാ കളക്ടറായിരുന്ന കെ എസ് അജയകുമാറാണ് സെഷന്‍സ് കോടതിയില്‍ റിപ്പോർട്ട് സമര്‍പ്പിച്ചത്. റിസോർട്ടിൽ പണമാവശ്യപ്പെട്ടെത്തിയ മാവോയിസ്റ്റ് സംഘത്തിൽപ്പെട്ട സിപി ജലീൽ ഏറ്റുമുട്ടലിനെ തുടർന്ന് മരിച്ചെന്നായിരുന്നു അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍. പൊലീസിന്‍റെ നടപടിയെ പൂർണ്ണമായും ന്യായികരിക്കുന്ന ഈ റിപ്പോർട്ട് തള്ളികളയണമെന്നാണ് ജലിലിന്‍റെ കുടുംബത്തിന്‍റെ ആവശ്യം. 

അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ മജിസ്ട്രേറ്റ് ശാസ്ത്രീയ തെളിവുകള്‍ പരിശോധിച്ചില്ലെന്നും അതിനാല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണം പ്രഖ്യാപിക്കണമെന്നും അവര്‍ ഹര്‍ജിയില്‍ ആവശ്യപെട്ടു. കേസ് പരിഗണിച്ച കല്‍പ്പറ്റ സെഷന്‍സ് കോടതി തുടര്‍ നടപടികൾക്കായി മാര്‍ച്ച് ഒന്നിലേക്ക് മാറ്റി.

ജലീലിന്‍റെ മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ തോക്കിൽ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്നായിരുന്നു ബാലിസ്റ്റിക് ഫോറൻസിക് റിപ്പോർട്ട്. ഇതുകൂടി അന്വേഷണത്തില്‍ പരിഗണിക്കണമെന്നും ഇവര്‍ ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കേസ് പരിഗണിച്ച കോടതി ജില്ലാ കളക്ടറോട് പുനരന്വേഷണ സാധ്യതയുണ്ടോയെന്ന് പരിശോധിച്ച് മാര്‍ച്ച് 1ന് മുമ്പ് റിപ്പോര്ട്ട് സമര്‍പ്പിക്കാന‍് ആവശ്യപ്പെട്ടു.