Asianet News MalayalamAsianet News Malayalam

മരിച്ച മാവോയിസ്റ്റ് കണ്ണന്റെ മൃതദേഹം കാണണമെന്ന് തമിഴ്‌നാട് സ്വദേശിനി

  • മൃതദേഹം കാണാനും തന്റെ മകനാണെങ്കിൽ മൃതദേഹം ഏറ്റെടുക്കാനും അനുവദിക്കണമെന്നാണ് മീന പാലക്കാട് എസ്‌പിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്
  • ഇന്നലെ ഏറ്റുമുട്ടലിൽ പരിക്കേറ്റിരുന്ന കബനി ദളത്തിലെ പ്രധാന നേതാവ് മണിവാസകം കൂടി മരിച്ചതോടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി
Maoist encounter killing women from Tamilnadu request SP to see deadbody
Author
Attappadi, First Published Oct 29, 2019, 2:18 PM IST

പാലക്കാട്: അട്ടപ്പാടിക്കടുത്ത് മഞ്ചിക്കണ്ടിയിൽ ഉൾക്കാട്ടിൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം കാണാൻ അനുവാദം തേടി തമിഴ്‌നാട് സ്വദേശിനി. ഇന്നലെ മരിച്ച മാവോയിസ്റ്റ് കണ്ണന്റെ മൃതദേഹം കാണാനാണ് തമിഴ്‌നാട് സ്വദേശിനി മീന ആവശ്യപ്പെട്ടിരിക്കുന്നത്.

മൃതദേഹം കാണാനും തന്റെ മകനാണെങ്കിൽ മൃതദേഹം ഏറ്റെടുക്കാനും അനുവദിക്കണമെന്നാണ് മീന പാലക്കാട് എസ്‌പിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഇന്നലെ ഏറ്റുമുട്ടലിൽ പരിക്കേറ്റിരുന്ന കബനി ദളത്തിലെ പ്രധാന നേതാവ് മണിവാസകം കൂടി മരിച്ചതോടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി.

ഇന്നലെയുണ്ടായ വെടിവെപ്പില്‍ മണിവാസകത്തിനും മറ്റൊൾക്കും വെടിയേറ്റിരുന്നു. ഇവരെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഇവർക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ വീണ്ടും വെടിവെപ്പുണ്ടായത്.

ഇന്നലെ പട്രോളിംഗിനിറങ്ങിയ നിലമ്പൂരിൽ നിന്നുള്ള തണ്ടർ ബോ‌ള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ ആദ്യം വെടിവെച്ചെന്നാണ് ഔദ്യോഗിക വിശദീകരണം. തണ്ടർബോൾട്ടിന്റെ പ്രത്യാക്രമണത്തില്‍ മൂന്നുപേർ മരിച്ചെന്നാണ് പൊലീസ് അറിയിച്ചത്. തണ്ടർബോള്‍ട്ട് അസി. കമാന്റന്റ് സോളമന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മാവോയിസ്റ്റുകൾ മരിച്ചത്.

വാളയാർ പീഡനക്കേസിന് പിന്നാലെ മാവോയിസ്റ്റുകളുടെ മരണം കൂടിയായതോടെ സർക്കാരിനെതിരെ പിടിമുറുക്കിയിരിക്കുകയാണ് പ്രതിപക്ഷം. വിഷയം ഇന്ന് സഭയിലും വലിയ കോലാഹലങ്ങൾക്കാണ് കാരണമായത്. 

അതേസമയം മാവോയിസ്റ്റ് വിഷയത്തിൽ മുൻനിലപാടിൽ നിന്ന് മാറ്റമില്ലെന്ന് സിപിഐ നേതാവ് കാനം രാജേന്ദ്രൻ പറഞ്ഞു. പാലക്കാട്ട് നടന്നത് എന്താണെന്ന് അറിയില്ല. പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിന് തയ്യാറാണെന്നും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു. 

മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ അവഗണിക്കാനാവില്ലെന്നും മാവോവാദികളെ ഉന്മൂലനം ചെയ്യുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നായിരുന്നു കാനത്തിന്റെ മുൻ നിലപാട്. സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന നിലപാടായിരുന്നു അന്ന് സിപിഐ സ്വീകരിച്ചത്. പുതിയ സംഭവത്തിലും നിലപാടില്‍ മാറ്റമില്ലെന്നാണ് കാനം വ്യക്തമാക്കിയത്.

മാവോയിസ്റ്റുകളെ കേസ് നടത്തി ശിക്ഷിക്കുക ആണ് വേണ്ടതെന്നും അമർച്ച ചെയ്യേണ്ടത്  ഈ രീതിയിലല്ലെന്നും കേരള ഹൈക്കോടതി റിട്ട ജസ്റ്റിസ് കമാൽ പാഷ പറഞ്ഞു. മനുഷ്യനെ വെടിവെച്ചു കൊല്ലാൻ ആർക്കാണ് അധികാരമെന്ന് ചോദിച്ച അദ്ദേഹം പക്ഷെ മാവോയിസ്‌റ്റുകളുടെ പ്രവർത്തികളോട് യോജിക്കുന്നില്ലെന്നും വ്യക്തമാക്കി.

അട്ടപ്പാടിയിൽ മൂന്ന് മാവോയിസ്റ്റുകളെ വെടിവച്ച്കൊന്ന സംഭവത്തിൽ സർക്കാർ ജനകീയ അന്വേഷണം നേരിടണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഗ്രോ വാസു, ഏറ്റുമുട്ടൽ നടന്ന സ്ഥലം സന്ദർശിക്കാൻ മാധ്യമങ്ങളെയും മനുഷ്യാവകാശ പ്രവർത്തകരെയും അനുവദിക്കണം, ഭരണകൂടത്തെ എതിർക്കുന്നവരെ കൊന്ന് തീർക്കുന്ന നയമാണ് സർക്കാരിന്റെതെന്നും ഗ്രോ വാസു കുറ്റപ്പെടുത്തി.

മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയായിരുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios