അമ്പായത്തോട്: കണ്ണൂര്‍ അമ്പായത്തോട് ടൗണില്‍ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി. ഒരു സ്ത്രീയടക്കം നാലംഗ സംഘമാണ് പ്രകടനം നടത്തിയത്. ടൗണില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്ററുകള്‍ പതിപ്പിക്കുകയും ചെയ്‍തിട്ടുണ്ട്. രാവിലെ ആറ് മണിയോടെയാണ് സംഘം സ്ഥലത്തെത്തി പോസ്റ്ററുകള്‍ പതിക്കുകയും പ്രകടനം നടത്തുകയും ചെയ്‍തത്. ഇവരുടെ കയ്യില്‍ തോക്കുകളുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. മാവോയിസ്റ്റുകൾ ലഘുലേഖ കൈമാറുന്നതിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.ബസ് ജീവനക്കാര്‍ക്കാണ് ഇവര്‍ ലഘുലേഖ കൈമാറിയത്. മാവോയിസ്റ്റ് സംഘത്തിൽ മലയാളം സംസാരിക്കുന്നവരുമുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക, രക്തത്തിന് മോദിയും പിണറായിയും കണക്ക് പറയേണ്ടി വരും തുടങ്ങിയുള്ള ആഹ്വാനങ്ങളാണ് പോസ്റ്ററുകളിലുള്ളത്. കൊട്ടിയൂര്‍ വന്യജീവി സങ്കേതം വഴിയാണ് സംഘം എത്തിയത്. ഇവിടെ ഇന്ന് വലിയ രീതിയിലുള്ള തിരച്ചില്‍ നടക്കും. നേരത്തെയും സായുധ മാവോയിസ്റ്റ് സംഘം  എത്തുകയും പ്രകടനം നടത്തുകയും ചെയ്‍തിരുന്ന പ്രദേശമാണ് അമ്പായത്തോട്. ഇതിന് പിന്നാലെ പൊലീസ് അമ്പായത്തോട് വലിയ രീതിയിലുള്ള തിരച്ചില്‍ ഇവിടെ നടത്തിയിരുന്നു.

"