കൊച്ചി: സിറോ മലബാര്‍ സഭയുടെ സ്വത്തുക്കളില്‍ ഇടവകാംഗങ്ങള്‍ക്ക് അവകാശമില്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കോടതിയില്‍ പറഞ്ഞു. ഭൂമി വില്‍ക്കാന്‍ അതിരൂപതയ്ക്ക് എല്ലാ അവകാശവുമുണ്ട്. അതില്‍ ഇടപെടാന്‍ ഇടവകാംഗങ്ങള്‍ക്ക് അവകാശമില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കി.

കോട്ടപ്പടി ഭൂമി വില്‍പ്പന ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. സഭയുടെ സ്വത്തിൽ അതിരൂപതയ്ക്ക് പൂർണ്ണ അവകാശവും ഉടമസ്ഥതയുമുണ്ട്. അതിരൂപതയുടെ സ്വത്താണ് വിൽപ്പന നടത്തിയത്. കേസിലെ പരാതിക്കാരൻ  വിമതർക്കൊപ്പം ചേർന്ന് തന്‍റെ കോലം കത്തിച്ചയാളാണ്. വിമതർ സഭയുടെ പ്രവർത്തനങ്ങൾക്ക്  സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്നതായും അദ്ദേഹം സത്യവാങ്മൂലത്തില്‍ അഭിപ്രായപ്പെട്ടു.