ദില്ലി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരട് നഗരസഭാ പരിധിയിൽ പണിതുയര്‍ത്തിയ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് മാറ്റിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നിയമം ലംഘിച്ച ഫ്ലാറ്റുകൾ പൊളിച്ച് മാറ്റണമെന്ന് കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. കേസിൽ നാല് ആഴ്ചക്ക് അകം തുടര്‍ ഉത്തരവ് ഉണ്ടാകുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്. 

ഫ്ലാറ്റുകൾ പൊളിച്ച് മാറ്റേണ്ടിവന്നത് വേദനാജനകമായ കാര്യമാണെന്ന് ജസ്റ്റിസ് അരുൺമിശ്ര പറഞ്ഞു. പക്ഷെ നടപടി നിയമം ലംഘിക്കുന്ന എല്ലാവര്‍ക്കും ഉള്ള പാഠം ആകണമെന്നും കോടതി പറഞ്ഞു. 

പൊളിച്ച് മാറ്റിയ ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങളെല്ലാം എത്രയും വേഗം എടുത്ത് മാറ്റണം. കായലിൽ വീണ അവശിഷ്ടങ്ങളും അടിയന്തരമായി വാരിമാറ്റണെമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നഷ്ടപരിഹാരം സംബന്ധിച്ച് പരാതിയുള്ളവര്‍ക്ക് അക്കാര്യം അപേക്ഷയായി കോടതിയെ അറിയിക്കാം. നാല് ആഴ്ചക്കകം തുടര്‍ ഉത്തരവ് ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി