കൊച്ചി: തീരദേശ പരിപാലന ചട്ടം ലംഘിച്ചെന്ന് കണ്ടെത്തി സുപ്രീംകോടതി പൊളിച്ച് മാറ്റാൻ നിര്‍ദ്ദേശച്ച അവസാന ഫ്ലാറ്റും മരടിൽ മണ്ണടിഞ്ഞു . 15 കിലോ സ്ഫോടക വസ്തുക്കൾ കെട്ടിവച്ച് നടത്തിയ സ്ഫോടനത്തിൽ ഗോൾഡൻ കായലോരം ഫ്ലാറ്റ് സമുച്ചയവും നിലംപൊത്തി. ചുറ്റുപാടുമുള്ള വീടുകളും തൊട്ടടുത്തുള്ള അങ്കണവാടിയും പൂര്‍ണ്ണമായും സംരക്ഷിച്ച് ഫ്ലാറ്റ് പൊളിച്ച് മാറ്റാനുള്ള ക്രമീകരണങ്ങളാണ് അധികൃതര്‍ തയ്യാറാക്കിയിരുന്നത്. 

16 നിലകളുള്ള ഫ്ലാറ്റാണ് നിലംപൊത്തിയത്. സ്ഫോടനത്തിലൂടെ തകര്‍ത്ത നാല് ഫ്ലാറ്റ് സമുച്ചയങ്ങളിൽ  ചെറുതും പഴക്കം ഉള്ളതും പൊളിച്ച് മാറ്റാൻ ഏറ്റവും എളുപ്പമെന്ന് തോന്നിക്കുന്നതുമായ കെട്ടിടം തകര്‍ക്കൽ പക്ഷെ സാങ്കേതിതമായി ഏറെ ശ്രമരമായിരുന്നു. പതിനാറ് നില കെട്ടിടത്തെ രണ്ടായി പകുത്ത് ബ്ലോക്കുകളായി തകര്‍ന്ന് വീഴുന്ന മാതൃകയിലാണ് സ്ഫോടനം ക്രമീകരിച്ചത്. 

ഒന്നരക്ക് ആദ്യ സൈറൺ മുഴക്കി പ്രോട്ടോക്കോൾ അനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങൾ പൂര്‍ത്തിയാക്കി രണ്ട് മണിക്ക് സ്ഫോടനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. സുരക്ഷാ ക്രമീകരണങ്ങൾ അവസാനവട്ടം ഉറപ്പിക്കുന്നതിന്‍റെ ഭാഗമായി 1.56 നാണ് ആദ്യ സൈറൺ മുഴങ്ങിയത്. പൊലീസും അധികൃതരും എല്ലാം ചേര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു.  നൂറ് മീറ്റര്‍ മാറി ബ്ലാസ്റ്റ് ഷെഡിലേക്ക് വിദഗ്ധരെത്തി. കൺട്രോൾ റൂമിലും ക്രമീകരണം പൂര്‍ത്തിയാക്കി. ആകാംക്ഷയുടെ നിമിഷങ്ങൾക്കൊടുവിൽ ഗോൾഡൻ കായലോരം മണ്ണടിഞ്ഞു. 

തൊട്ടടുത്ത് നിന്ന അങ്കണവാടിക്ക് പേരിന് ഒരു പോറൽ പോലും ഇല്ലാത്തവിധം സാങ്കേതിക തികവോടെയാണ് സ്ഫോടനം പൂര്‍ത്തിയായത്. അവസാനവട്ട സുരക്ഷയെന്ന നിലയിൽ അങ്കണവാടിയെ പ്ലാസ്റ്റിക് ഷീറ്റിട്ട് വീണ്ടും മൂടിയിരുന്നു.