കൊച്ചി: മരട് കേസിലെ കോടതി അലക്ഷ്യ ഹര്‍ജിയിൽ മറുപടി നൽകാൻ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നാലാഴ്ചത്തെ സമയം നൽകി. മേജർ രവി നൽകിയ കോടതി അലക്ഷ്യ ഹർജിയിലാണ് സർക്കാരിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. നാലാഴ്ചയ്ക്ക് അകം ചീഫ് സെക്രട്ടറി മറുപടി നൽകണം. 

തീരദേശ നിയമം ലംഘിച്ച് സംസ്ഥാനത്ത് നിര്‍മ്മിച്ച കെട്ടിടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിനെതിരെയുള്ള കോടതി അലക്ഷ്യ ഹര്‍ജിയിൽ നേരത്തെ ചീഫ് സെക്രട്ടറിക്ക് കോടതി നോട്ടീസ് നൽകിയിരുന്നു. പുതിയ ചീഫ് സെക്രട്ടറിയെ കേസിൽ കക്ഷി ചേര്‍ത്താണ് മറുപടി നൽകാൻ നാലാഴ്ചത്തെ സമയം നൽകിയത്. 

ജയിൻ ഹൗസിംഗിന്‍റെ വസ്തുക്കളുടെ മൂല്യനിര്‍ണയം നടത്താനും സുപ്രീംകോടതി അനുമതി നൽകി. ജസ്റ്റിസ് ബാലകൃഷ്ണൻ നായര്‍ അദ്ധ്യക്ഷനായ സമിതിക്കാണ് നിര്‍ദ്ദേശം. വില നിശ്ചയിച്ച് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകണം. സ്വത്തുക്കൾ വിറ്റ് നഷ്ടപരിഹാരം നൽകാൻ വിടണമെന്ന അപേക്ഷയിലാണ് കോടതിയുടെ നിർദേശം.