കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റുകൾ ഒഴിയണമെന്ന നഗരസഭാ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മരടിലെ ഫ്ലാറ്റ് പൊളിയ്ക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഹർജിയും രാജ്യത്തെ മറ്റൊരു കോടതിയും പരിഗണിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. 

നിയമ ലംഘനം നടത്തുന്നവർക്കുള്ള  ശക്തമായ മുന്നറിയിപ്പാണ് മരട് വിധി എന്ന് ഹൈക്കോടതി വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവിനെ കുറിച്ച് അറിവില്ലേ എന്നും ഹൈക്കോടതി ഹർജിക്കാരോട് ആരാഞ്ഞു. കുടിയൊഴിപ്പിക്കലിനെതിരെ നിങ്ങൾ എത്രയും പെട്ടെന്ന് സുപ്രീംകോടതിയെ സമീപിക്കൂ എന്നും കോടതി ഹർജിക്കാരോട് പറഞ്ഞു. നഷ്ടപരിഹാരം ആവശ്യമെങ്കിൽ ഫ്ലാറ്റ് ഉടമകൾക്ക് നിർമാതാക്കളെ സമീപിക്കാമെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ഇതേ ഹർജി പരിഗണിച്ച കോടതി സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് ഹർജിക്കാരനെ അറിയിച്ചിരുന്നു. ഹർജി പരിഗണിക്കവെ നഗരസഭാ നടപടികൾക്കെതിരെയും ഹൈക്കോടതി രൂക്ഷ പരാമർശം ആണ് നടത്തിയത്. ഫ്ലാറ്റ് ഒഴിപ്പിക്കുന്നതിൽ മരട് നഗരസഭയുടെ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. 

Read More: മരട്: ഫ്ലാറ്റുകള്‍ പൊളിക്കാന്‍ തയ്യാറാണെന്ന് അക്വറേറ്റ് ഡിമോളിഷന്‍ കമ്പനി, കൂടുതല്‍ വിവരങ്ങള്‍ തേടി സുപ്രീംകോടതി

വിധി നടപ്പിലാക്കാത്ത സംസ്ഥാന സർക്കാരിനും ചീഫ് സെക്രട്ടറിക്കും എതിരെ തിങ്കളാഴ്ച സുപ്രീംകോടതി ഉന്നയിച്ചത് രൂക്ഷവിമർശനമാണ്. സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാൻ സർക്കാരിന് യാതൊരു മനസും ഇല്ലെന്ന് വിമർശിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കാൻ എത്ര ദിവസം വേണമെന്നാണ് ചീഫ് സെക്രട്ടറിയോട് ചോദിച്ചത്. മരടിലെ ഫ്ലാറ്റുകൾ പൊളിയ്ക്കുന്നതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കേസ് പരിഗണിച്ച ജസ്റ്റിസ് അരുൺ മിശ്രയുടെ പരാമർശങ്ങൾ. വെള്ളിയാഴ്ചയാണ് സുപ്രീംകോടതി ഹർജിയിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കാനിരിക്കുന്നത്.