Asianet News MalayalamAsianet News Malayalam

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ നിരോധിത സ്‌ഫോടകവസ്തുക്കളില്ല; ഇത്രയും കെട്ടിടങ്ങൾ ഒരുമിച്ച് തകർക്കുന്നത് രാജ്യത്ത് ആദ്യം

മരടിൽ പൊളിക്കാനുളള ഫ്ലാറ്റുകളിൽ ഡൈനാമിറ്റ് പോലുള്ള നിരോധിത സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കില്ല. സ്ഫോടനത്തിൻറെ ശബ്ദം കുറയ്ക്കാൻ നോയ്സ് ലെസ് ഷോക്ക് ട്യൂബുകൾ ഘടിപ്പിച്ചാണ് സ്ഫോടനം നടത്തുക. 

maradu flat demolition alfa serene be razed down 5 minutes after holy faith
Author
Kochi, First Published Jan 6, 2020, 7:00 AM IST

കൊച്ചി: മരടിലെ ഫ്ലാറ്റുകളിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിക്കുന്നത് ഇന്നും തുടരും. ജെയിൻ കോറൽ കോവിലാണ് ഇപ്പോൾ സ്ഫോടക വസ്തുക്കൾ സ്ഥാപിക്കുന്നത്. ഇവിടുത്തെ 2660 ദ്വാരങ്ങളിലാണ് ഇവ സ്ഥാപിക്കേണ്ടത്. അദ്യം പൊളിക്കുന്ന ഹോളിഫെയ്ത്ത്, എച്ച് ടു ഒ ഫ്ലാറ്റിൽ സ്ഫോടക വസ്തുക്കൾ നിറക്കുന്നത് ഇന്നലെ പൂർത്തിയായിരുന്നു. ആദ്യ ദിവസം പൊളിക്കുന്ന രണ്ടാമത്തെ ഫ്ലാറ്റായ ആൽഫ സെറിനിലേക്ക് ആവശ്യമായ സ്ഫോടക വസ്തുക്കൾ ഇന്ന് എത്തിച്ചേക്കും. സമീപവാസികളുടെ ആശങ്ക ഒഴിവാക്കാൻ ബോധവത്ക്കരണത്തിനുള്ള നടപടികളും ഇന്ന് തുടങ്ങും. 

അതേസമയം മരടിൽ പൊളിക്കാനുളള ഫ്ലാറ്റുകളിൽ ഡൈനാമിറ്റ് പോലുള്ള നിരോധിത സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കില്ല. സ്ഫോടനത്തിൻറെ ശബ്ദം കുറയ്ക്കാൻ നോയ്സ് ലെസ് ഷോക്ക് ട്യൂബുകൾ ഘടിപ്പിച്ചാണ് സ്ഫോടനം നടത്തുക. രാജ്യത്തു തന്നെ ആദ്യമായാണ് ഇത്രയും കെട്ടിടങ്ങൾ ഒരുമിച്ച് സ്ഫോടനത്തിലൂടെ തകർക്കുന്നത്. മരടിലെ അഞ്ച് കെട്ടിടങ്ങൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്നത് പ്രത്യേക രീതിയിലാണ്.

സമീപവാസികൾക്ക് ഏറ്റവും കൂടുതൽ ആശങ്കയുള്ള ആൽഫ സെറീൻറെ ഇരട്ടക്കെട്ടിടം തകർക്കാൻ 400 കിലോ സ്ഫോടക വസ്തു ഉപയോഗിക്കും. ഹോളിഫെയ്ത്തിന് 215 ഉം ജെയിൻ കോറൽ കോവിന് 395ഉം ഗോൾഡൻ കായലോരത്തിന് 15 കിലോ സ്ഫോടക വസ്തുവും വേണം. കെട്ടിടങ്ങളിലെ ഒരോ ബീമിലും ദ്വാരമുണ്ടാക്കി സ്‌ഫോടക വസ്തു നിറയ്ക്കും. ജെയിൻ കോറൽ കോവിൽ 2660 ദ്വാരങ്ങളും ഹോളി ഫെയ്ത്തിൽ 1471 എണ്ണവുമുണ്ട്. അളവ് പരമാവധി കുറക്കാൻ അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമല്‍ഷൻ സ്‌ഫോടക വസ്തുക്കളാണ് മരടിൽ ഉപയോഗിക്കുക. 

ഒരു ദ്വാരത്തിൽ 125 ഗ്രാം സ്‌ഫോടകവസ്തുവും ഒരു ഡിറ്റണേറ്ററുമുണ്ടാകും ശബ്ദവും പ്രകന്പനവും കുറക്കാൻ നോൺ ഇലക്ട്രിക് ഡിറ്റനേറ്ററുകൾ ഉപയോഗിക്കും. സ്ഫോടനം തുടങ്ങാനായി മാത്രം ഇലക്ടിക്ഡിറ്റനേറ്റർ ഘടിപ്പിക്കും. ബാക്കിയുള്ളവ ടൈമർ ഉപയോഗിച്ച് മില്ലി സെക്കന്‍ഡുകളുടെ വ്യത്യാസത്തിൽ സ്‌ഫോടനം നടത്തും.

സ്ഫോടനം നടക്കുന്പോൾ ഉണ്ടാകുന്ന ശബ്ദം നോയ്സ് ലെവൽ മീറ്റ‌‌ർ ഉയോഗിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് അളക്കും. പ്രകന്പനത്തിൻറെ തോത് ചെന്നൈ ഐഐടിയും രേഖപ്പെടുത്തും. സ്‌ഫോടകവസ്തുക്കൾ നിറയ്ക്കുന്ന തൂണുകൾ കന്പിവേലി കൊണ്ടും ജിയോ മാറ്റുകൾ കൊണ്ടും പൊതിയും. അതീവ സുരക്ഷയോടെയാണ് ഫ്ലാറ്റുകള്‍ പൊളിക്കുന്നത്.

Follow Us:
Download App:
  • android
  • ios