Asianet News MalayalamAsianet News Malayalam

മരട് ഫ്ലാറ്റ് പൊളിക്കൽ: വിശദീകരണത്തിനായി വിളിച്ചുകൂട്ടിയ നാട്ടുകാരുടെ യോഗത്തില്‍ ബഹളം

തര്‍ക്കത്തെ തുടര്‍ന്ന് യോഗത്തില്‍ പങ്കെടുക്കാതെ തിരിച്ചുപോയ സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് തിരിച്ചെത്തിയതോടെ യോഗം ആരംഭിച്ചു. എംഎൽഎ എം സ്വരാജ് പങ്കെടുക്കുന്നതിനെ സബ്‌ കളക്ടർ എതിർത്തതാണ് തര്‍ക്കത്തിനിടയാക്കിയത്.

maradu flat demolition  dispute in  explanation meeting
Author
Kochi, First Published Oct 13, 2019, 4:50 PM IST

കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച വിശദീകരണത്തിനായി നഗരസഭ വിളിച്ചുകൂട്ടിയ നാട്ടുകാരുടെ യോഗത്തില്‍ ബഹളം. തര്‍ക്കത്തെ തുടര്‍ന്ന് യോഗത്തില്‍ പങ്കെടുക്കാതെ തിരിച്ചുപോയ സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് തിരിച്ചെത്തിയതോടെ യോഗം ആരംഭിച്ചു. എംഎൽഎ എം സ്വരാജ് പങ്കെടുക്കുന്നതിനെ സബ്‌ കളക്ടർ എതിർത്തതാണ് തര്‍ക്കത്തിന് കാരണമായത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് സബ് കളക്ടര്‍ അറിയിക്കുകയായിരുന്നു. എം സ്വരാജും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

തീരദേശ പരിപാലന നിയമം ലംഘിച്ചതായി കണ്ടെത്തിയ മരടിലെ അഞ്ച് ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നാട്ടുകാരുടെ ആശങ്കയകറ്റാൻ വേണ്ടിയാണ് നഗരസഭ വിശദീകരണ യോഗങ്ങൾ നടത്തുന്നത്. മരട് ഫ്ലാറ്റുകൾ പൊളിക്കാൻ ചുമതലയുള്ള ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗാണ് യോഗം വിളിച്ചിരിക്കുന്നത്. ഹോളിഫെയ്ത്ത്, ഗോൾഡൻ കായലോരം ഫ്ലാറ്റുകളുടെ പരിസരത്ത് താമസിക്കുന്നവരുടെ യോഗമാണ് ഇന്ന് നടക്കുന്നത്. 

ഫ്ലാറ്റ് പൊളിക്കുമ്പോൾ എത്ര ദൂരത്തിൽ പ്രത്യാഘാതങ്ങളുണ്ടാകും, പ്രദേശവാസികളെ എങ്ങനെ പുനരധിവസിപ്പിക്കും തുടങ്ങിയ കാര്യങ്ങളിലെല്ലാമാണ് യോഗത്തില്‍ വ്യക്തത നൽകുന്നത്. സ്നേഹിൽ കുമാറാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ നാട്ടുകാര്‍ക്ക് വിശദീകരിച്ച് നൽകുന്നത്. പാർപ്പിട സമുച്ഛയത്തിന് നൂറ് മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ യോഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. 

അതേസമയം, ഫ്ലാറ്റുകൾ പൊളിപ്പിക്കൽ നടപടികൾക്ക് നഗരസഭ അംഗീകാരം നൽകാത്തതിനാൽ ഫ്ലാറ്റുകൾ ഇന്ന് കമ്പനികൾക്ക് കൈമാറാനാകില്ല. ഫ്ലാറ്റുകൾ പൊളിച്ച് നീക്കാൻ രണ്ട് കമ്പനികളെ തെരഞ്ഞെടുത്തെങ്കിലും നഗരസഭ കൗൺസിൽ, ഈ തീരുമാനം അംഗീകരിച്ചിട്ടില്ല. പൊളിപ്പിക്കലുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങളൊന്നും കൗൺസിലുമായി ആലോചിക്കാതെ നടത്തിയതിലുള്ള പ്രതിഷേധമാണ് നഗരസഭ കൗൺസിലിന്. ഈ സാഹചര്യം വ്യക്തമാക്കി സബ് കളക്‌ടർ ചീഫ് സെക്രട്ടറിയ്ക്ക് നാളെ കത്ത് നൽകും. സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ട് അനുസരിച്ച് പൊളിക്കാനുള്ള ഫ്ലാറ്റുകൾ ഇന്ന് കമ്പനികൾക്ക് കൈമാറാനാണ് നേരത്തെ തീരുമാനിച്ചത്. 

ഇനി നഗരസഭ കൗൺസിൽ അംഗീകാരം വാങ്ങിയ ശേഷമാകും തുടർ നടപടി. 18 നിലകളിലുള്ള ഹോളി ഫെയ്ത്ത് ഫ്ലാറ്റ്,ജെയിൻ കോറൽ കേവ്, 16 നിലകളുള്ള ഗോൾഡൻ കായലോരം എന്നിവ പൊളിക്കാനായി തെരഞ്ഞെടുത്തത് എഡിഫെയ്സ് എന്ന കമ്പനിയെയാണ്. വിജയ് സ്റ്റീൽ 16 നിലകളിലുള്ള ആൽഫ വെഞ്ച്വറിന്‍റെ ഇരട്ട കെട്ടിടം പൊളിക്കും. 7 സെക്കന്‍റ് സമയം മാത്രം മതി സ്ഫോടനം നടത്തി കെട്ടിടങ്ങൾ പൊളിക്കാനെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്.

Follow Us:
Download App:
  • android
  • ios