കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കലിന്‍റെ ആദ്യദിവസത്തെ ദൗത്യം പൂർണം. തീരദേശപരിപാലനനിയമം ലംഘിച്ച് പണിതുയർത്തിയ ഫ്ലാറ്റുകളിൽ ഹോളിഫെയ്ത്ത് എച്ച്ടുഒയും ആൽഫ സെറീനും നിലംപൊത്തി. 11.19-നും 11.44-നുമാണ് നിയന്ത്രിത സ്ഫോടനങ്ങൾ നടത്തിയത്. സ്ഫോടനങ്ങൾ വിജയകരമായിരുന്നുവെന്ന് എക്സ്പ്ലോസീവ് വിഭാഗം ഡെപ്യൂട്ടി ചീഫ് കൺട്രോളർ ആർ വേണുഗോപാൽ അറിയിച്ചു. ആൽഫ സെറീൻ ഇരട്ടസമുച്ചയങ്ങളിൽ ഒരു ഭാഗം കായലിലേക്ക് വീണു. അത് നേരത്തേ പ്ലാൻ ചെയ്ത് നടപ്പാക്കിയത് തന്നെയായിരുന്നെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു.

ഹോളി ഫെയ്‍ത്തിൽ രണ്ടാം സൈറൺ വൈകി, പക്ഷേ എല്ലാം കിറുകൃത്യം

19 നിലകളുള്ള ഹോളിഫെയ്ത്ത് എച്ച്ടുഒ സെക്കന്‍റുകൾക്കകം തകർന്നു വീണു.സംസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായി നിയന്ത്രിത സ്ഫോടനത്തിലൂടെ  തകർത്ത ആദ്യ ഫ്ലാറ്റ്. 15 മിനിറ്റ് വ്യത്യാസത്തിൽ 16 നിലകളുള്ള ആൽഫ സെറീൻ ഇരട്ട ടവറുകളിലും സ്ഫോടനം.

മുൻനിശ്ചയിച്ചതിൽ നിന്നും സമയക്രമത്തിൽ  ചെറിയ മാറ്റത്തോടെയാണ് നിയന്ത്രിത സ്ഫോടനത്തിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. 10.30-ഓടെ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കി ആദ്യ അപായസൈറൺ മുഴങ്ങി. സമീപവാസികളേയും കാഴ്ചക്കാരേയും മാറ്റി. ആകാശനിരീക്ഷണവുമായി നേവിയുടെ ഹെലികോപ്റ്റർ. 11.09-ന് രണ്ടാം സൈറൺ മുഴങ്ങിയതോടെ ദേശീയപാതയിലെ വാഹനഗതാഗതം നിർത്തി. 11.17-ന് മൂന്നാമത്തെ സൈറൺ. 11.19-ന് ഹോളിഫെയ്ത്ത് എച്ച്ടുഒയിൽ സ്ഫോടനം.

4 സെക്കന്‍റുകൾക്കുള്ളിൽ ഹോളിഫെയ്ത്ത് എച്ച്ടുഒ തകർന്നുവീണു. മുൻനിശ്ചയിച്ച പ്രകാരം 2, 4, 10, 15 നിലകളിലായിരുന്നു സ്ഫോടനം.11.40-ന് ആൽഫ ടവറുകൾക്ക് വേണ്ടിയുള്ള സൈറൺ മുഴങ്ങി. ആൽഫ വെഞ്ചേഴ്‍സ് എന്ന ചെറിയ ടവർ ആദ്യവും ആൽഫ സെറീൻ ടവർ രണ്ടാമതും നിലംപൊത്തി.

തേവര –കുണ്ടന്നൂർ പാലം സുരക്ഷിതമാണെന്നാണ് പ്രാഥമിക നിഗമനം. ഒരു കല്ല് പോലും കായലിൽ വീണിട്ടില്ലെന്ന് ഹോളി ഫെയ്‍ത്ത് പൊളിച്ച് നീക്കിയ എഡിഫൈസ് എംഡി ഉത്കർഷ് മേത്ത. 

തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ തകർക്കാനുള്ള സുപ്രീം കോടതി വിധി വിജയകരമായാണ് ഇന്ന് പൂർത്തീകരിച്ചതെന്ന് ജില്ലാ കളക്ടർ എസ് സുഹാസും സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയും. ഫ്ലാറ്റ് കെട്ടിടം തകർക്കുന്ന ജോലികൾ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കിയെന്നും പ്രതീക്ഷിച്ച നാശനഷ്ടം പോലും ഉണ്ടായില്ലെന്നും കമ്മിഷണർ പറഞ്ഞു.

"എച്ച്2ഒ, ആൽഫ വൺ എന്നിവ തകർത്തപ്പോൾ കായലിനോ, സമീപത്തെ വീടുകൾക്കോ, മറ്റ് നിർമ്മിതികൾക്കോ ഒന്നും യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. ആൽഫ ടു തകർക്കുന്നതിന് മുൻപ് തന്നെ കായലിലേക്ക് അതിന്റെ ഒരു ഭാഗം വീഴ്ത്തുമെന്ന് അറിയിച്ചിരുന്നു. ചുറ്റുമുള്ള വീടുകൾക്ക് നാശനഷ്ടം സംഭവിക്കാതിരിക്കാനായിരുന്നു ഇത്," കമ്മിഷണർ പറഞ്ഞു.

"കെട്ടിടം തകർക്കുമ്പോൾ മരങ്ങൾക്കോ മറ്റ് വസ്തുക്കൾക്കോ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചെറിയ നാശനഷ്ടം പോലും കുറവാണ്. 15 മിനിറ്റോളം വൈകിയാണ് സ്ഫോടനം നടത്തിയത്. എയർ ക്ലിയറൻസ് കിട്ടാൻ വൈകിയതാണ് കാരണം. അഞ്ചാം സൈറൺ ദേശീയപാതയിലെ കുരുക്കഴിച്ച ശേഷം നൽകും. സമീപത്തെ ഇടറോഡുകൾ കൂടി തുറന്നുകൊടുത്ത ശേഷം ആറാമത്തെ സൈറൺ മുഴക്കും. അപ്പോൾ എല്ലാവർക്കും അവരവരുടെ വീടുകളിലേക്ക് പോകാം എന്നും ജില്ലാ കളക്ടർ പറഞ്ഞു.