കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ അവശേഷിക്കുന്ന രണ്ട് ഫ്ലാറ്റുകൾ ഇന്ന് തകർക്കും. നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീംകോടതി നിര്‍ദേശപ്രകാരം ഇന്നലെ രണ്ട് ഫ്ലാറ്റുകൾ തകർത്തിരുന്നു. മരടിലെ ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റ് കെട്ടിടങ്ങളാണ് ഇന്ന് പൊളിക്കുക. 

ജെയിന്‍ കോറല്‍ കോവ് രാവിലെ 11 മണിക്കും ഗോൾഡൻ കായലോരം ഉച്ചക്ക് രണ്ട് മണിക്കും പൊളിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഹോളി ഫെയ്ത്ത് H2Oയും ആല്‍ഫ സെറിനും പൊളിക്കുന്നതിന് മുൻപ് സ്വീകരിച്ച അതേ സുരക്ഷ ക്രമീകരണങ്ങള്‍ തന്നെയായിരിക്കും ഇന്നും സ്വീകരിക്കുക. രണ്ട് ഫ്‌ളാറ്റുകളും സ്ഥിതി ചെയ്യുന്നത് കാര്യമായ ജനവാസമുള്ള സ്ഥലത്തല്ല. അതിനാൽ തന്നെ ഇന്നലത്തെ അത്രയും വലിയ വെല്ലുവിളികൾ ഇല്ല. അതേസമയം കനത്ത ജാഗ്രതയോടെ തന്നെയാണ് ഫ്ലാറ്റുകൾ പൊളിക്കുന്നത്. പ്രദേശത്ത് രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഫോടന സമയത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും.