Asianet News MalayalamAsianet News Malayalam

'എത്ര നാൾ വീട് വിട്ട് നിൽക്കണം?', മരടിൽ കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നതിൽ അവ്യക്തത

ചെറിയ വണ്ടികളില്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ പൂർണമായും നീക്കം ചെയ്യുന്നതിന് മാസങ്ങള്‍ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. അതുവരെ ഉയരുന്ന പൊടിപടലങ്ങളും പ്രകമ്പനവും സമീപത്തെ ജനജീവിതം ദുസ്സഹമാക്കും. 

maradu flat demolition no clarity on when the remnants will be removed from site
Author
Maradu, First Published Dec 30, 2019, 7:51 AM IST

കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചതിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതില്‍ കാലതാമസമുണ്ടാകാൻ സാധ്യത. ഇതോടെ, തിരികെ വീടുകളിലേക്കുള്ള മടക്കം വൈകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. എത്രനാള്‍ മാറിനില്‍ക്കേണ്ടി വരുമെന്ന കാര്യത്തില്‍ അധികൃതർക്കും വ്യക്തതയില്ല.

ആല്‍ഫാ ഇരട്ട ടവറുകളില്‍ നിന്നുള്ള കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായിരിക്കും ഏറ്റവുമധികം കാലതാമസം ഉണ്ടാവുക. ഇവിടുത്തെ റോഡിലൂടെ വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാനാകാത്തതാണ് കാരണം. ചെറിയ വണ്ടികളില്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ പൂർണമായും നീക്കം ചെയ്യുന്നതിന് മാസങ്ങള്‍ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ.

അതുവരെ ഉയരുന്ന പൊടിപടലങ്ങളും പ്രകമ്പനവും സമീപത്തെ ജനജീവിതം ദുസ്സഹമാക്കും. ചതുപ്പ് നിലമായതിനാല്‍ ഭാരമേറിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പ്രകമ്പനങ്ങളുണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

''മൂന്ന് മാസത്തേക്ക് മാറാനാണ് പറഞ്ഞിരിക്കുന്നത്. ജനുവരി, ഫെബ്രുവരി, മാർച്ച്, ഈ മൂന്ന് മാസം മാറിത്താമസിക്കേണ്ടി വരും. അത് കഴിഞ്ഞിട്ട് എന്താണ് സംഭവിക്കുന്നതെന്ന് പറയാനാകില്ലല്ലോ. വീട് പൊളിഞ്ഞ് പോവുകയാണെങ്കിൽ കൂടുതൽ കാലം മാറിത്താമസിക്കേണ്ടി വരും'', എന്ന് ആൽഫാ സെറീന്‍റെ തൊട്ടടുത്ത് താമസിക്കുന്ന വീട്ടമ്മ ബിന്ദു പറയുന്നു.

എന്നാല്‍ കൂടുതല്‍ ദിവസം മാറി നില്‍ക്കാൻ ആരെയും നിർബന്ധിക്കില്ലെന്നാണ് കെട്ടിടം പൊളിക്കലിനുള്ള ചുമതലയുള്ള സബ് കളക്ടർ സ്നേഹില്‍കുമാർ പറയുന്നത്. എത്രകാലം മാറിനില്‍ക്കണമെന്ന് നാട്ടുകാർക്ക് തീരുമാനിക്കാം.

''തൊട്ടടുത്തുള്ളവരോട് മാത്രമേ മാറാൻ പറഞ്ഞിട്ടുള്ളൂ. അല്ലാത്തവർ മാറിത്താമസിക്കേണ്ടതില്ല. എത്ര കാലം ഇവർക്ക് മാറിത്താമസിക്കാൻ ആഗ്രഹമുണ്ടോ, അത് അവർക്ക് തന്നെ തീരുമാനിക്കാവുന്നതാണ്'', എന്ന് സ്നേഹിൽകുമാർ.

ജനവാസം കുറവുള്ള സ്ഥലങ്ങളിലെ മറ്റു ഫ്ലാറ്റുകള്‍ക്ക് സമീപം താമസിക്കുന്നവർക്ക് വേഗം തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷ. മാറിത്താമസിക്കുന്നവർക്ക് വേറെ താമസസൗകര്യം സർക്കാർ ഏർപ്പാടാക്കി നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നതാണ്. 

Read more at: നാല് മണിക്കൂർ, രണ്ട് ദിവസം: മരട് ഫ്ലാറ്റുകൾ പൊളിക്കാൻ സമയക്രമമായി, ഇൻഷൂറൻസിലും തീരുമാനം

Follow Us:
Download App:
  • android
  • ios