കൊച്ചി: മരടിൽ ഫ്ലാറ്റുകൾ പൊളിക്കുന്നത് ആവശ്യമായ സുരക്ഷാമുൻകരുതലുകൾ ഇല്ലാതെയെന്ന് പരാതിയുമായി  പ്രദേശവാസികൾ. പാർക്കിംഗ് സ്ഥലമടക്കം ഹിറ്റാച്ചി ഉപയോഗിച്ച് അശാസ്ത്രീയമായി പൊളിക്കുന്നത് സമീപത്തുളള വീടുകൾക്ക് ബലക്ഷയം ഉണ്ടാക്കുന്നുവെന്നാണ് പരാതി. പ്രശ്നത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രദേശവാസികൾ.

നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിന് മുന്നോടിയായി ജെസിബിയും ഡ്രില്ലിംഗ് മെഷീനുമെല്ലാം ഉപയോഗിച്ച് അനുബന്ധ കെട്ടിടങ്ങൾ പൊളിച്ച് നീക്കുകയാണ് കരാർ കമ്പനികൾ. അശാസ്ത്രീയമായി വലിയ ഡ്രില്ലറുകൾ ഉപയോഗിച്ച് പൊളിക്കുമ്പോള്‍ സമീപത്തെ വീടുകളിൽ പ്രകമ്പനം അനുഭവപ്പെടുന്നതായി പ്രദേശവാസികള്‍ പറയുന്നു. 

പ്രശ്നം രൂക്ഷമായതോടെ ദിവസേന മൂന്ന് മുതൽ നാല് മണിക്കൂർ ആയി പൊളിക്കുന്നത് നിജപ്പെടുത്തുമെന്ന് സബ് കളക്ടർ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതും കരാർ കമ്പനികൾ നടപ്പാക്കുന്നില്ല. ആൽഫ വെഞ്ചേഴ്സ് , ഹോളിഫെയ്ത്ത് എന്നീ ഫ്ലാറ്റുകളെക്കാൾ താരതമ്യേന സമീപത്ത് വീടുകൾ കുറവുള്ള ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റ് സമുച്ചയങ്ങൾ ആദ്യം പൊളിക്കാൻ നഗരസഭയ്ക്ക് അപേക്ഷ നൽകാനും നാട്ടുകാർ തീരുമാനിച്ചിട്ടുണ്ട്.