ദില്ലി: മരട് ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി. സര്‍ക്കാരിലേക്ക് അടയ്ക്കേണ്ട തുക ഉടന്‍ നല്‍കാന്‍ തയാറായില്ലെങ്കില്‍ കണ്ടുകെട്ടിയ സ്വത്തുക്കള്‍ വില്‍ക്കാന്‍ നിര്‍ദ്ദേശിക്കേണ്ടി വരുമെന്ന് കോടതി താക്കീത് നല്‍കി. പൊളിച്ച ഫ്ലാറ്റുകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ രൂപീകരിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി പിരിച്ചുവിടണമെന്ന ഫ്ലാറ്റ് നിര്‍മാതാക്കളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

മരടിലെ പൊളിച്ച ഫ്ലാറ്റുകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ രൂപീകരിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതിക്കെതിരെ ഗുരുതര ആരോപണവുമായി സുപ്രീംകോടതിയിലെത്തിയ ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക്  ജസ്റ്റിസ് നരിമാന്‍ അധ്യക്ഷനായ ബഞ്ചാണ് താക്കീത് നല്‍കിയത്. നഷ്ടപരിഹാര സമിതി നിര്‍ദ്ദേശിച്ച അറുപത്തിയൊന്ന്  കോടിയില്‍  വളരെക്കുറച്ച് പണം മാത്രമാണ് ഫ്ലാറ്റ് നിര്‍മാതാക്കളടച്ചത്. അടയ്ക്കേണ്ട തുക നൽകാൻ തയ്യാറാവണം. അല്ലെങ്കിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. 

നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ഫ്ലാറ്റ് നിര്‍മാതാക്കളോട് നിര്‍ദ്ദേശിച്ച കോടതി ഇത് അവസാന അവസരമാണെന്നും ഓര്‍മ്മിപ്പിച്ചു. മറ്റൊരുത്തരവുണ്ടാകുന്നതുവരെ കമ്മിറ്റിയുടെ പ്രവര്‍ത്തനം നീട്ടി നല്‍കിയ കോടതി ഇക്കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഡ്വ. സൗരവ് അഗര്‍വാളാണ് അമിക്യസ് ക്യൂറി. ഡിസംബറില്‍ വാദം കേട്ട് കേസ് അവസാനിപ്പിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.