ദില്ലി: മരടിലെ ഫ്ലാറ്റുടമകൾ നൽകിയ ഹര്‍ജികൾ ജനുവരി രണ്ടാംവാരത്തിന് ശേഷം പരിശോധിക്കാമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാര തുക നൽകുന്നതിന് കൂടുതൽ സമയം വേണമെങ്കിൽ റിട്ട. ജസ്റ്റിസ് അദ്ധ്യക്ഷനായ സമിതിക്ക് മുമ്പാകെ അക്കാര്യം സര്‍ക്കാരിന് ആവശ്യപ്പെടാമെന്ന് കോടതി വ്യക്തമാക്കി. ചീഫ് സെക്രട്ടറിക്കെതിരെയുള്ള കോടതി അലക്ഷ്യ ഹര്‍ജി മാറ്റിവെച്ചു.

തീരദ്ദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ അനധികൃത ഫ്ലാറ്റുകൾ ജനുവരി 11നും 12നുമായി പൊളിച്ചുനീക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 11ന് ഹോളി ഫെയ്ത്തും ആൽഫ വെഞ്ചേഴ്സും, 12ന് ഗോൾഡൻ കായലോരയും ജയിൻ കോറലും പൊളിക്കും. കെട്ടിടങ്ങൾ പൊളിക്കാനുള്ള കമ്പനികളെ തീരുമാനിച്ചിട്ടുണ്ട്. ഫ്ലാറ്റുടമകൾക്ക് 25 ലക്ഷം രൂപ വീതം നൽകാൻ ഇതുവരെ 61 കോടി 50 ലക്ഷം രൂപ വിനിയോഗിച്ചുവെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം കോടതി അംഗീകരിച്ചു. 

നാലാഴ്ചക്കകം എല്ലാ ഫ്ലാറ്റുടമകൾക്കും 25 ലക്ഷം രൂപ വീതം നൽകണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. പണം നൽകുന്നതിന് മുമ്പ് അര്‍ഹരായവരുടെ അക്കൗണ്ടിലേക്ക് തന്നെയാണോ പണം പോകുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ കൂടുതൽ സമയം സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അത്തരം തീരുമാനങ്ങൾ റിട്ട. ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായര്‍ അദ്ധ്യക്ഷനായ സമിതിയുടെ പരിഗണനയ്ക്ക് കോടതി വിട്ടു. കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരെയും കെട്ടിട നിര്‍മ്മാതാക്കൾക്കെതിരെയും നിരവധി ഹര്‍ജികൾ കോടതിയിൽ എത്തിയിരുന്നു. സായിറ എന്ന ഫ്ലാറ്റുടമ ഇന്ന് നേരിട്ട് ഹാജരാവുകയും ചെയ്തു. ഇവര്‍ക്കെല്ലാം പറയാനുള്ളത് പിന്നീട് കേൾക്കാമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചു.  

അനധികൃത കെട്ടിടങ്ങളെ കുറിച്ചുള്ള കണക്കുകൾ നൽകുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കെതിരെ മേജര്‍ രവി നൽകിയ കോടതി അലക്ഷ്യ ഹര്‍ജി പിന്നീട് പരിഗണിക്കാൻ മാറ്റിവെച്ചു. നഷ്ടപരിഹാരം നൽകാനായി പണം കണ്ടെത്താൻ ജസ്റ്റിസ് ബാലകൃഷണൻ നായര്‍ സമിതിയുടെ അനുമതിയോടെ സ്വത്തുകൾ വിൽക്കാൻ കെട്ടിട നിര്‍മ്മാണ കമ്പനിയായ ഹോളിഫെയ്ത്തിന് കോടതി അനുമതി നൽകി. കോടതി ഉത്തരവ് നടപ്പാക്കുന്നതിലെ പുരോഗതി ഇനി ജനുവരി രണ്ടാംവാരത്തിൽ ജസ്റ്റിസ് അരുണ്‍മിശ്ര വീണ്ടും പരിശോധിക്കും.