കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് പണിതുയർത്തിയ മരടിലെ ഹോളിഫെയ്ത്ത് എച്ച്2ഒ ഫ്ലാറ്റ് കെട്ടിടം തകർത്തു. നിയന്ത്രിത സ്ഫോടനത്തിൽ സുരക്ഷിതമായാണ് ഫ്ലാറ്റ് കെട്ടിടം തകർത്തത്. മുൻ നിശ്ചയിച്ചതിൽ നിന്നും 15 മിനിറ്റിലേറെ വൈകിയാണ് കെട്ടിടം തകർത്തത്.

കൃത്യം 11 മണിക്ക് തന്നെ ഫ്ലാറ്റ് കെട്ടിടം തകർക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ നിരീക്ഷണത്തിനായി ഏർപ്പെടുത്തിയ ഹെലികോപ്റ്റർ പറന്നുപോകുന്നത് വരെ രണ്ടാം സൈറൺ മുഴക്കിയില്ല. നാവികസേനയുടേതായിരുന്നു ഹെലികോപ്റ്റർ. അതിനാൽ തന്നെ നാവികസേനയുടെ അനുമതി ലഭിക്കണമായിരുന്നു. 11.06 നാണ് ഹെലികോപ്റ്റർ മടങ്ങിപ്പോയത്. ഇതിന് ശേഷം 11.09 നാണ് രണ്ടാമത്തെ സൈറൺ മുഴക്കിയത്.

രണ്ടാമത്തെ സൈറൺ മുഴക്കിയതിന് ശേഷമാണ് ദേശീയ പാത ബ്ലോക്ക്‌ ചെയ്യാൻ നിർദേശം കൊടുത്തത്. 11.16 ന് മൂന്നാമത്തെ സൈറൺ മുഴക്കിയ ശേഷമാണ് കെട്ടിടം തകർത്തത്. മുൻ നിശ്ചയിച്ചത് പോലെ കൃത്യം 10.30 ന് ആദ്യ സൈറൺ മുഴങ്ങി. മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പായി ആളുകള്‍ പൂര്‍ണമായി ഒഴിഞ്ഞ് പോകുന്നതിനുള്ളതായിരുന്നു ഈ സൈറൺ.

കരുതിയതിലും വൈകി കൃത്യം 11.19 നാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന് ശേഷം  സെക്കന്‍റുകൾക്കകം ഫ്ലാറ്റ് സമുച്ഛയം ഇടിഞ്ഞു തുടങ്ങി. നിശ്ചയിച്ച പോലെ തന്നെ ചെരിഞ്ഞ് വീണ് കെട്ടിടം തകര്‍ന്ന് അടിഞ്ഞു. പുകപടലങ്ങൾ അന്തരീക്ഷത്തിലാകെ വ്യാപിച്ചു. കിട്ടിയ ആദ്യ വിവരം അനുസരിച്ചാണെങ്കിൽ തൊട്ടടുത്ത കായലിൽ പോലും അവശിഷ്ടങ്ങൾ പതിക്കാതെയാണ് കെട്ടിടം തകര്‍ത്തത്. കാഴ്ച മറിക്കും വിധം കട്ടിയിലുള്ള പുകപടലങ്ങൾ   അന്തരീക്ഷത്തിൽ ആകെ വ്യാപിക്കുകയും ചെയ്തു. 21000 ടൺ കോൺക്രീറ്റ് അവശിഷ്ടങ്ങളാണ് നിലം പൊത്തിയത്.

പൊടിപടലങ്ങൾ അടങ്ങിയ ശേഷമാണ് ആൽഫ സെറിന്‍റെ ഇരട്ടക്കെട്ടിടങ്ങൾ തകര്‍ക്കുന്നതിനുള്ള സ്ഫോടനം നടത്തുമെന്ന് അറിയിച്ചിട്ടുള്ളത്.