ഫെബ്രുവരി 18 വരെയാണ് മാരാമൺ കൺവൻഷൻ നടക്കുക
പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ മാരാമൺ കൺവൻഷന് ഇന്ന് തുടക്കമാകും. ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപൊലിത്തയാണ് 129 -ാമത് കൺവഷൻ ഉദ്ഘാടനം ചെയ്യും. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ വിശ്വാസ സംഗമത്തിനായി പമ്പാ തീരം ഒരുങ്ങിക്കഴിഞ്ഞു. ഫെബ്രുവരി 18 വരെയാണ് മാരാമൺ കൺവൻഷൻ നടക്കുക. ഒരു ലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഓലപ്പന്തലും മറ്റ് സജ്ജീകരണങ്ങളും തയ്യാറായെന്ന് ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ പറഞ്ഞു.
ഹരിത പ്രോട്ടോകോൾ പാലിച്ചാണ് കൺവെഷൻ നടത്തുക. യാത്ര സൗകര്യത്തിനായി കെ എസ് ആർ ടി സി പ്രത്യേക സർവീസുകളും നടത്തും. രാഷ്ട്രീയ സാംസ്ക്കാരിക സമൂഹിക രംഗത്തെ പ്രമുഖർ ഒരാഴ്ച നീളുന്ന കൺവൻഷനിൽ പങ്കെടുക്കും.
മാരാമൺ കൺവൻഷന്‍റെ കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമമായ മാരാമൺ കൺവൻഷന്റെ 129ാം സമ്മേളനത്തിനാണ് മാരാമൺ മണൽപുറത്ത് ഇന്ന് തുടക്കമാകുന്നത്. ഇന്ന് 2.30 ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത മാരാമൺ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാർ പീലക്‌സിനോസ് അധ്യക്ഷത വഹിക്കും. ഓൾഡ് കാത്തലിക് ചർച്ച് ആർച്ച് ബിഷപ് റവ. ബർനാഡ് തിയഡോൾ വാലറ്റിന്റെ നേതൃത്വത്തിലുള്ള സംഘം കൺവൻഷനിൽ സംബന്ധിക്കും. ഡോ. ക്ലിയോഫസ് ജെ.ലാറു (യു എസ്), പ്രഫ. മാങ്കെ ജെ.മസാങ്കോ (ദക്ഷിണാഫ്രിക്ക), ഡോ. ഏബ്രഹാം മാർ സെറാഫിം, മാർ മാത്യു മൂലക്കാട്ട്, ബിഷപ് മാർ ജേക്കബ് മുരിക്കൻ, സിസ്റ്റർ ജൊവാൻ ചുങ്കപ്പുര എന്നിവരാണ് മുഖ്യപ്രസംഗകർ. ബൈബിൾ ക്ലാസുകൾ, പൊതുയോഗം, ഗാനശുശ്രൂഷ, കുട്ടികൾക്കുള്ള യോഗം, എക്യുമെനിക്കൽ സമ്മേളനം, ലഹരിവിമോചന യോഗം, സാമൂഹിക തിന്മകൾക്കെതിരെയുള്ള യോഗം എന്നിവയും ഭാഷാ അടിസ്ഥാനത്തിലുള്ള പ്രത്യേക മിഷൻ ഫീൽഡ് കൂട്ടായ്മകളും നടക്കും.
