താമസിക്കാന്‍ മാത്രമായി മല്‍സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ രേഖകളില്ലാത്ത ഭൂമിയാണ് റിസോര്‍ട്ട് അനധികൃതമായി വാങ്ങിക്കൂട്ടിയത്. ഇത് തിരിച്ചുപിടിക്കാന്‍ ചുമതലപ്പെട്ട ചേര്‍ത്തല എല്‍ആര്‍ തഹസില്‍ദാര്‍ ആയിരുന്ന ടിയു ജോണ്‍ ഒരു മാസത്തിലേറെ ഫയല്‍ പൂഴ്ത്തി.

ആലപ്പുഴ: മാരാരിക്കുളത്ത് മുത്തൂറ്റ് ഗ്രൂപ്പിന്‍റെ സാന്താരി പേള്‍ റിസോര്‍ട്ട് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഒന്നരയേക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാതിരിക്കാന്‍ പഞ്ചായത്ത് ഒത്തുകളിക്കുന്നു. ഹൈക്കോടതിയില്‍ മാരാരിക്കുളം വടക്ക് പഞ്ചായത്ത് നല്‍കേണ്ട സത്യവാങ്ങ്മൂലം മൂന്ന് മാസത്തിലേറെയായിട്ടും കൊടുക്കാന്‍ തയ്യാറായില്ല. അതിനിടെ പഞ്ചായത്തിന് ആലപ്പുഴ സബ്കലക്ടര്‍ കാരണംകാണിക്കല്‍ നോട്ടീസയച്ചു.

ഇക്കഴിഞ്ഞ ജൂണിലാണ് മുത്തൂറ്റിന്‍റെ സാന്തേരി പേള്‍ റിസോര്‍ട്ട് കയ്യേറിയ ഒന്നരേയക്കര്‍ സര്‍ക്കാര്‍‍ ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് അപ്പീല്‍ തള്ളിക്കൊണ്ട് ആലപ്പുഴ സബ്കലക്ടര്‍ പുറക്കിറക്കിയത്. താമസിക്കാന്‍ മാത്രമായി മല്‍സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ രേഖകളില്ലാത്ത ഭൂമിയാണ് റിസോര്‍ട്ട് അനധികൃതമായി വാങ്ങിക്കൂട്ടിയത്. ഇത് തിരിച്ചുപിടിക്കാന്‍ ചുമതലപ്പെട്ട ചേര്‍ത്തല എല്‍ആര്‍ തഹസില്‍ദാര്‍ ആയിരുന്ന ടിയു ജോണ്‍ ഒരു മാസത്തിലേറെ ഫയല്‍ പൂഴ്ത്തി.

സബ്കലക്ടര്‍ ഹിയറിംഗ് നടത്തി ഉത്തരവിട്ട ഫയലില്‍ എല്‍ആര്‍ തഹസില്‍ദാര്‍ ചട്ടം ലംഘിച്ച് വീണ്ടും ഹിയറിംഗ് നടത്തി റിസോര്‍ട്ട് കമ്പനിയെ സഹായിച്ചു. അതിനിടയില്‍ ഭൂമി തിരിച്ചുപിടിക്കുന്ന നടപടി ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങാന്‍ റിസോര്‍ട്ടിന് കഴിഞ്ഞു. അനധികൃതമായി കൈവശം വെച്ച ഭൂമിയില്‍ മാരാരിക്കുളം വടക്ക് പഞ്ചായത്ത് അധികൃതര്‍ കെട്ടിട നമ്പര്‍ കൊടുത്തിരുന്നു. അതിനാൽ പഞ്ചായത്തിന്‍റെ സത്യവാങ്ങ്മൂലം ഹൈക്കോടതിയുടെ മുന്നിലെത്തണം.

പക്ഷേ പഞ്ചായത്ത് സത്യവാങ്ങ് മൂലം ആദ്യം തെറ്റായി അയച്ചു. പിന്നീട് എന്താണോ ഉള്‍ക്കൊള്ളിക്കേണ്ടത് അതില്ലാതെ അയച്ചു. ചുരുക്കത്തില്‍ മൂന്ന് മാസത്തിലേറെയായി സത്യവാങ്ങ് മൂലം കോടതിയുടെ മുന്നിലെത്തിക്കാതെ റിസോര്‍ട്ടിനെ സഹായിക്കുന്ന നിലപാടാണ് പഞ്ചായത്ത് എടുക്കുന്നത്. സത്യവാങ്ങ് മൂലം കൊടുക്കാത്ത പഞ്ചായത്തിനെതിരെ ആലപ്പുഴ സബ്കലക്ടര്‍ വിആര്‍ കൃഷ്ണതേജ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.