പ്രതികാരം ആഗ്രഹിക്കുന്നയാൾ അല്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണമാണ് മറിയ ഉമ്മന്‍ പങ്കുവെച്ചത്. മാസപ്പടിയിൽ ഹൈക്കോടതിയിലെ സർക്കാർ‍ നിലപാടിനെതിരെ കോൺഗ്രസിൽ ഭിന്നത കനക്കുന്നതിനിടെയാണ് മറിയയുടെ പ്രതികരണം.

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പഴയ പ്രതികരണം പങ്കുവച്ച് മകൾ മറിയ ഉമ്മന്‍. പ്രതികാരം ആഗ്രഹിക്കുന്നയാൾ അല്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണമാണ് മറിയ ഉമ്മന്‍ പങ്കുവെച്ചത്. ഫേസ്ബുക്ക് റീലിലുടെയാണ് ഉമ്മന്‍ ചാണ്ടിയുടെ പഴയ പ്രതികരണ വീഡിയോ മറിയ ഉമ്മന്‍ ഷെയര്‍ ചെയ്തത്. മാസപ്പടിയിൽ ഹൈക്കോടതിയിലെ സർക്കാർ‍ നിലപാടിനെതിരെ കോൺഗ്രസിൽ ഭിന്നത കനക്കുന്നതിനിടെയാണ് മറിയയുടെ പ്രതികരണം.

കോൺഗ്രസിൽ അമർഷം പുകയുന്നു

ഹൈക്കോടതിയിൽ സർക്കാർ‍ സ്വീകരിച്ച പിണറായി അനുകൂല നിലപാടിൽ വിമർശനവുമായി കൂടുതൽ കോൺഗ്രസ് നേതാക്കൾ. സര്‍ക്കാര്‍ നിലപാടിനെതിരായ മാത്യു കുഴൽ നാടന്‍റെ വിമര്‍ശനത്തിന് കോണ്‍ഗ്രസിൽ പിന്തുണയേറുകയാണ്. ഗോഡ് ഫാദര്‍ സിനിമയിലെ ഡയലോഗ് സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച് പഴയതെല്ലാം മറക്കണോയെന്ന ചോദ്യവുമായി സി ആർ മഹേഷ് സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്തു. ഫേസ്ബുക്ക് റീലിലൂടെ കെപിസിസി നാടക സമിതിയുടെ നടത്തിപ്പുകാരനും സംസ്കാര സാഹിതി അധ്യക്ഷനുമായ യുവ എംഎൽഎ മാസപ്പടി കേസ് തര്‍ക്കത്തിൽ നിലപാട് വ്യക്തമാക്കുകയാണ്. ഉമ്മൻ ചാണ്ടിയോട് മുൻ സര്‍ക്കാര്‍ കാട്ടിയ അനീതി മറക്കണോയെന്ന ചോദ്യത്തിൽ പാര്‍ട്ടിയിൽ വൈകാരിക പിന്തുണ കൂടിമ്പോഴാണ് മഹേഷും അതിനൊപ്പമെന്ന് പരോക്ഷമായെങ്കിലും പറയുന്നത്.

ഉമ്മൻ ചാണ്ടിയുടെ ഫോട്ടോ വച്ച് കുഴൽനാടനെ പിന്തുണച്ച് പാര്‍ട്ടി വക്താവ് അനിൽ ബോസും ഫേസ്ബുക്ക് പോസ്റ്റിട്ടു. പാര്‍ട്ടിയെ സംശയനിഴലിൽ ആക്കി ഏജിയെന്ന വാദവുമായുള്ള പോസ്റ്റിൽ കെപിസിസി പ്രസിഡന്‍റിനെ ടാഗ് ചെയ്തു. ഉമ്മൻചാണ്ടിക്കുണ്ടായത് നീതിനിഷേധമാണെന്ന് ചാണ്ടി ഉമ്മനും ഇന്നലെ പ്രതികരിച്ചിരുന്നു. മറക്കാനുള്ള പ്രായമായോ എന്നാണ് ചോദ്യവുമായി കെപിസിസി വക്താവ് ജിന്‍റോ ജോണും നേതൃത്വത്തെ ചോദ്യം ചെയ്തിരുന്നു.

YouTube video player