Asianet News MalayalamAsianet News Malayalam

BEVCO| 'സർക്കാർ തീരുമാനം ഉത്കണ്ഠാജനകം'; സംസ്ഥാനത്ത് പുതിയ മദ്യശാലകൾ അനുവദിക്കുന്നതിനെതിരെ മാർത്തോമ്മാ സഭ

മദ്യത്തിന് മനുഷ്യനെക്കാൾ പ്രാധാന്യം നൽകുന്നത് വികലമായ നടപടിയാണ്. മദ്യശാലകൾ അനുവദിക്കുന്നതിനുള്ള തീരുമാനത്തിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണമെന്നും മാർത്തോമാ സഭ ആവശ്യപ്പെട്ടു.

marthoma mathews against bevco proposal for 175 new liquor shops in ldf govt consideration
Author
Pathanamthitta, First Published Nov 10, 2021, 5:25 PM IST

പത്തനംതിട്ട: സംസ്ഥാനത്ത് പുതിയ മദ്യശാലകൾ  (Liquor shops) അനുവദിക്കുന്നതിനെതിരെ മാർത്തോമ്മാ സഭ. സർക്കാർ തീരുമാനം ഉത്കണ്ഠജനകമാണെന്ന് ഡോ. തിയഡോഷ്യസ്‌ മാർത്തോമാ മെത്രാപ്പോലീത്ത പ്രതികരിച്ചു. മദ്യത്തിന് മനുഷ്യനെക്കാൾ പ്രാധാന്യം നൽകുന്നത് വികലമായ നടപടിയാണ്. മദ്യശാലകൾ അനുവദിക്കുന്നതിനുള്ള തീരുമാനത്തിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണമെന്നും മാര്‍ത്തോമ്മാ സഭ ആവശ്യപ്പെട്ടു.

മദ്യം മൂലമുള്ള ദുരന്തങ്ങള്‍ നിരന്തരം ഉണ്ടാകുമ്പോള്‍ ജീവന് വിലമതിക്കാത്ത ഇത്തരം നടപടികള്‍ ശരിയല്ലെന്ന് മാർത്തോമ്മാ മെത്രാപ്പൊലീത്ത അഭിപ്രായപ്പെട്ടു. കുടുംബം സമൂഹത്തിന്‍റെ പ്രധാന കണ്ണി ആയിരിക്കുമ്പോള്‍ കുടുംബ ബന്ധങ്ങള്‍ക്ക് ശൈഥില്യം വരുത്തുന്ന മദ്യപാനം പ്രോത്സാഹിപ്പിക്കുന്നത് ജനക്ഷേമസര്‍ക്കാരുകള്‍ക്ക് അനുയോജ്യമായ കാര്യമല്ല. സാമൂഹിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും യുവജനങ്ങള്‍ മദ്യത്തിന് അടിമകള്‍ ആകുകയും ചെയ്യുന്നത് സാമൂഹിക ഭദ്രത നശിപ്പിക്കുന്നതാണ്. കൊച്ചുകുട്ടികളുടെ സുരക്ഷിതത്വത്തിനും അവരുടെ ആരോഗ്യകരമായ ജീവിതത്തിനും ഉത്തരവാദിത്തമുള്ള മാതാപിതാക്കള്‍ മദ്യത്തിന് അടിമകള്‍ ആകുന്നത് സാമൂഹിക ദോഷ്യമാണെന്നും മാർത്തോമ്മാ മെത്രാപ്പൊലീത്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

സാമൂഹിക ക്ഷേമം ലക്ഷ്യമാക്കിയുള്ള നടപടികളാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്. ജനജീവിതം സംരക്ഷിക്കുകയും സാമൂഹിക ഭദ്രത കാത്തുസൂക്ഷിക്കുകയുമാണ് ജനക്ഷേമ സര്‍ക്കാരുകളുടെ കടമ എന്നത് വിസ്മരിക്കരുത്. ആയതിനാല്‍, മദ്യശാലകൾ അനുവദിക്കുന്നതിനുള്ള തീരുമാനത്തിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണമെന്നും മാർത്തോമ്മാ സഭ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് 175 പുതിയ മദ്യവില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ചുള്ള ബെവ്കോയുടെ  ശുപാര്‍ശ എക്സൈസ് വകുപ്പിന്‍റെ പരിഗണനയിലെന്ന് സര്‍ക്കാര്‍ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങണമെന്ന കോടതിയുടെ നിര്‍ദേശവും സജീവ പരിഗണനയിലാണെന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

Also Read: സംസ്ഥാനത്ത് 175 മദ്യവിൽപ്പനശാലകൾ കൂടി ആരംഭിക്കുന്ന കാര്യം പരിഗണനയിലെന്ന് സർക്കാർ

 

Follow Us:
Download App:
  • android
  • ios