സംസ്ഥാനത്ത് പലയിടത്തും മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പരിശോധന തുടരുകയാണ്. 

കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ കൊച്ചിയിലെ ഓഫീസിലെ പൊലീസ് റെയ്ഡ് പൂർത്തിയായി. കമ്പ്യൂട്ടർ, ലാപ്ടോപ് എന്നിവയും ജീവനക്കാരുടെ മൊബൈൽ ഫോണും പിടിച്ചെടുത്തു. പരിശോധനയ്ക്ക് ശേഷം മാത്രമേ മൊബൈൽ അടക്കം തിരിച്ച് നൽകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. ചീഫ് എഡിറ്റർ ഷാജൻ സ്കറിയയെ കണ്ടെത്താനും, പി. വി ശ്രീനിജൻ എംഎൽഎയ്ക്ക് എതിരായ വാർത്തയുടെ ഉറവിടം കണ്ടെത്താനുമാണ് പരിശോധന നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

സംസ്ഥാനത്ത് പലയിടത്തും മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന തുടരുകയാണ്. കൊല്ലത്ത് ശ്യാം എന്ന മറുനാടൻ മലയാളി റിപ്പോർട്ടറെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. എന്നാൽ ശ്യാമിനെ മൊഴി എടുക്കാനായി വിളിപ്പിച്ചതാണെന്ന് പൊലീസ് വ്യക്തമാക്കി.

തിരുവനന്തപുരത്ത് മറുനാടൻ മലയാളിയുടെ ജീവനക്കാരായ രണ്ട് പേരുടെ വീടുകളിൽ ഇന്ന് രാവിലെ പൊലീസ് പരിശോധന നടത്തി. മരുതംകുഴി, വലിയവിള എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പട്ടത്തുള്ള മറുനാടൻ മലയാളിയുടെ ഓഫീസിൽ കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

മറുനാടൻ മലയാളി ഓഫീസുകളിലും റിപ്പോർട്ടർമാരുടെ വീടുകളിലും പൊലീസ് റെയ്‌ഡ്

YouTube video player