സിഎംആർഎൽ ഉദ്യോഗസ്ഥരെ നാളെ വീണ്ടും ചോദ്യം ചെയ്യും. മുഹമ്മദ് റിയാസിന്റെ സുഹൃത്തുകളെ ഇനി ചോദ്യം ചെയ്യുന്നതിൽ കൂടിയാലോചനകൾക്ക് ശേഷമായിരിക്കും തീരുമാനം.

തിരുവനന്തപുരം: മാസപ്പടിക്കേസില്‍ ആദ്യഘട്ട കുറ്റപത്രത്തിന് മുന്നോടിയായുള്ള അന്തിമഘട്ട ചോദ്യം ചെയ്യലുകൾ നാളെ മുതൽ. സിഎംആർഎൽ ഉദ്യോഗസ്ഥരെ നാളെ വീണ്ടും ചോദ്യം ചെയ്യും. മുഹമ്മദ് റിയാസിന്റെ സുഹൃത്തുകളെ ഇനി ചോദ്യം ചെയ്യുന്നതിൽ കൂടിയാലോചനകൾക്ക് ശേഷമായിരിക്കും തീരുമാനം.

കരിമണൽ കമ്പനി സിഎംആർഎല്ലിൽ പിണറായിയുടെ മകൾ വീണയിലേക്കും വീണയുടെ കമ്പനി എക്സാലോജിക്കിലേക്കും ഉൾപ്പടെ കോടികൾ പുറത്തേക്ക് ഒഴുകിയതിൽ ഇ‍ഡി അന്വേഷണം തുടങ്ങുന്നത് 2024ലാണ്. രണ്ട് വർഷത്തിന് ശേഷം കേസിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണിപ്പോൾ ഇ‍ഡി. നാളെയും മറ്റന്നാളുമായി സിഎംആർഎല്ലിലെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യും. ഒമ്പത് പേരോട് ഹാജരാകാനാണ് ഇ‍ഡി നിർദ്ദേശം നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഇവരെ ചോദ്യം ചെയ്തതിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മറ്റ് അന്വേഷണങ്ങൾ. ഇവരുടെ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താനാണ് ഈ ഘട്ട ചോദ്യം ചെയ്യൽ. വീണയെ ഈ ഘട്ടത്തിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് അനുമാനം. നേരത്തെ രണ്ട് തവണ വീണയെ ചോദ്യം ചെയ്തിരുന്നു. ഇനി ഇ‍ഡി റിപ്പോർട്ടിൽ വിജിലൻസ് കേസെടുക്കണമെന്ന നിർദ്ദേശത്തിൽ സർക്കാർ തീരുമാനത്തിന് അനുസരിച്ചായിരിക്കും നടപടി.

അതേസമയം, മുഹമ്മദ് റിയാസിന്റെ സുഹൃത്തുകളെ ചോദ്യം ചെയ്യുന്നത് കൂടിയാലോചനകൾക്ക് ശേഷമായിരിക്കും. ആദ്യം നൽകിയ മൊഴി നിഷേധിച്ച് മുഹമ്മദ് റിയാസിന്റെ സുഹൃത്ത് വാരിസ് രംഗത്തെത്തിയതിനാൽ, ഇനി കൂടുതൽ ശ്രദ്ധയോടെയാവും ഇഡിയുടെ നീക്കം. മാസപ്പടി കേസിൽ ആദ്യഘട്ട കുറ്റപ്പത്രത്തിനുള്ള മതിയായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. വിജിലൻസ് അന്വേഷണ നിർദ്ദേശത്തിൽ തിങ്കളാഴ്ച എജി സർക്കാരിന് നിയമോപദേശം കൈമാറും. ജാഗ്രതയോടെ മതി തീരുമാനം എന്നാണ് കോൺഗ്രസിലെ പൊതു അഭിപ്രായം. പന്ത് സർക്കാർ കോർട്ടിൽ നിൽക്കെ, ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് ഇ‍ഡി.

YouTube video player