മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി കത്തിൽ എഫ്ഐആര്‍ രജിസ്റ്റർ ചെയ്യാത്തതിനെതിരായ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ഹർജിയെ സർക്കാർ കോടതിയില്‍ എതിർത്തു. ഒരു ഡയറിയുടെ അടിസ്ഥാനത്തിൽ മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്യാനാവില്ലെന്നായിരുന്നു വാദം.
കൊച്ചി: മാസപ്പടി അഴിമതി ആരോപണങ്ങളിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇഡി കൈമാറിയ ഡയറിക്കുറിപ്പ് വെച്ച് അഴിമതിക്ക് കേസ് എടുക്കാനാകില്ലെന്നും പ്രഥമിക പരിശോധനയക്ക് ശേഷം കേസ് എടുക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ. ഇഡി കത്തിൽ കേസ് വൈകുന്നതിനെതിരായ ഹർജിയിലാണ് സര്‍ക്കാര്‍ നിലപാട് ആവർത്തിച്ചത്. മൊഴികളടക്കം കേസ് എടുക്കാനുള്ള വിവരങ്ങൾ ഇഡി കൈമാറിയിട്ടുണ്ടല്ലോ എന്ന് ഹൈക്കോടതിയും ചോദിച്ചു. പ്രാഥമിക പരിശോധന നടത്തിയിട്ടാണ് തെളിവ് നൽകിയതെന്നും വീണ്ടും പരിശോധന നടത്തുന്നത് എന്തിനെന്നുമായിരുന്നു ഇഡിയുടെ ചോദ്യം.
മാസപ്പടി ഇടപാടിലെ അന്വേഷണത്തിനിടയിൽ കണ്ടെത്തിയ അഴിമതിയുടെ വിവരങ്ങൾ മുദ്രവെച്ച കവറിൽ കോടതിയിൽ ഹാജരാക്കിയാണ് കേസ് വേണമെന്ന് ഇഡി ആവശ്യപ്പെട്ടത്. പ്രാഥമിക പരിശോധന നടത്തിയാണ് തങ്ങൾ തെളിവ് കൈമാറിയതെന്നും അതിന് മേൽ വീണ്ടും പ്രാഥമിക പരിശോധന എന്തിനെന്നും ചോദിച്ചു. എന്നാൽ ഇഡി കൈമാറിയത് ചില ഡയറി കുറിപ്പാണെന്നും അത് വെച്ച് കേസ് എടുക്കാനാകില്ലെന്നും അഡ്വക്കേറ്റ് ജനറൽ പറഞ്ഞു. ഡയറിവെച്ച് എഫ്ഐആർ ഇടാനാകില്ലെന്ന് സമ്മതിച്ച കോടതി, മൊഴിയും തെളിവായി ഹാജരാക്കിയിട്ടുണ്ടല്ലോ എന്ന് എജിയോട് ചോദിച്ചു. എന്നാൽ മൊഴികൾ തങ്ങൾക്ക് ലഭ്യമാക്കിയില്ലെന്നായിരുന്നു മറുപടി. കേസ് എടുക്കാനുള്ള വിവരങ്ങൾ കത്തിലുണ്ടെന്നും സർക്കാർ ആവശ്യപ്പെട്ടാൽ മൊഴികളെല്ലാം നൽകാമെന്ന് ഇഡിയും നിലപാടറിയിച്ചു.
ഇഡി നൽകിയ കത്തിൽ വ്യക്തതയില്ലെങ്കിൽ പ്രാഥമിക പരിശോധന നടത്തുന്നതിന് തടസ്സമില്ലല്ലോ എന്ന് കോടതി പറഞ്ഞു. കത്ത് നൽകിയിട്ട് 20 ദിവസമായെന്നും പ്രാഥമിക അന്വേഷേണം നടത്താനുള്ള സമയപരിധിപോലും പിന്നിട്ടെന്നും ഇഡി അറിയിച്ചു. എഫ്ഐആർ നിർബന്ധമാണെങ്കിലും ഓരോ കേസിന്‍റെയും വസ്തുതകൾ പ്രത്യേകം പരിശോധിക്കണ്ടിവരുമെന്നും പ്രാഥമിക അന്വേഷണം തുടരേണ്ടതുണ്ടോ അതോ എഫ്ഐആർ വേണമോ എന്നതിൽ ഉടൻ തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ വ്യക്തമാക്കി.
ഹർജിയെ എതിർത്ത് സർക്കാർ
ഇഡി കത്തിൽ എഫ്ഐആർ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയെ സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ എതിര്‍ത്തു. ഇ ഡിയുടെ പ്രധാന തെളിവ് ഡയറി മാത്രമാണ്. ഡയറി വെച്ച് കേസെടുക്കാൻ ആകില്ലെന്ന് അഡ്വക്കറ്റ് ജനറൽ കോടതിയില്‍ വാദിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ കേസെടുക്കാന്‍ കഴിയുവെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഹർജി നിലനിൽക്കില്ലെന്ന് സർക്കാർ ആവർത്തിച്ചു. എന്നാല്‍, ഡയറി മാത്രമല്ലല്ലോ മൊഴികളും ഹാജരാക്കിയിട്ടുണ്ടല്ലോ എന്ന് കോടതി ചോദിച്ചു.
കത്ത് കോടതിയിൽ ഹാജരാക്കി ഇഡി
അതേസമയം പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് നൽകിയ കത്ത് ഇഡി കോടതിയിൽ ഹാജരാക്കി. മൊഴി പകർപ്പ് അടക്കമുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കി. ഇത് സർക്കാരിന് കൈമാറിയോ എന്ന് കോടതി ചോദിച്ചു. പൂർണമായ മൊഴി പകർപ്പ് കൊടുത്തിട്ടില്ലെന്നായിരുന്നു ഇഡിയുടെ മറുപടി. കേസ് എടുക്കാൻ മൊഴി വിവരങ്ങൾ ആവശ്യമില്ലെന്നും തെളിവുകൾ കത്തിലുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തിയില്ലേ എന്ന് കോടതി ചോദിച്ചു, രേഖപ്പെടുത്തിയെന്ന് ഇഡി മറുപടി നൽകി. പൊലീസ് ആവശ്യപ്പെട്ടാൽ മൊഴി പകർപ്പ് നൽകാൻ തയ്യാറാണെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. കേസ് എടുക്കണമെന്ന് നിലപാട് ഇഡി കോടതിയിൽ ആവർത്തിച്ചു. ഇല്ലെങ്കിൽ കോടതിയെ നേരിട്ട് സമീപിക്കാൻ ഇഡിയ്ക്ക് അവകാശമുണ്ടെന്നും വാദിച്ചു. ഇ ഡി പൊലീസിനെ പോലെ അന്വേഷണ ഏജൻസിയല്ല, വിവര ശേഖരണവും തുടർ നടപടികളുമാണ് ഇ ഡിയുടെ പരിധിയില്ലെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു. എന്നാല്‍, ഇ ഡി അന്വേഷണ ഏജൻസി തന്നെയാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി.

