പാർട്ടിയുടെ പഴയ കീഴ് വഴക്കം അനുസരിച്ചാണെങ്കിൽ പിണറായി വിജയന് പ്രതിപക്ഷ നേതൃ പദവി രാജിവെക്കേണ്ടി വരും. പക്ഷേ പിണറായി വിജയന് പിന്തുണ നൽകാൻ തന്നെയാണ് സിപിഎം നീക്കം. എന്നാൽ പിണറായി വിജയനെതിരായ നീക്കത്തിൽ രണ്ട് മനസ്സാണ് യുഡിഎഫിനുള്ളത്.

തിരുവനന്തപുരം: ലാവ്ലിൻ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ രണ്ടാമത്തെ വലിയ തിരിച്ചടിയായി മാറുകയാണ് മാസപ്പടി കേസിലെ എഫ്ഐആർ. പാർട്ടിയുടെ പഴയ കീഴ് വഴക്കം അനുസരിച്ചാണെങ്കിൽ പിണറായി വിജയന് പ്രതിപക്ഷ നേതൃ പദവി രാജിവെക്കേണ്ടി വരും. പക്ഷേ പിണറായി വിജയന് പിന്തുണ നൽകാൻ തന്നെയാണ് സിപിഎം നീക്കം. എന്നാൽ പിണറായി വിജയനെതിരായ നീക്കത്തിൽ രണ്ട് മനസ്സാണ് യുഡിഎഫിനുള്ളത്.

തുടക്കം മുതൽ രണ്ട് മനസാണ് പിണറായിക്കെതിരായ നീക്കത്തിൽ സതീശൻ സർക്കാറിനുള്ളത്. വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യുന്നതിന് പകരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് പിണറായിക്ക് തലവേദന ഉണ്ടാക്കാതിരിക്കാനാണെന്ന ആരോപണം ആദ്യമേ ഉയർന്നിരുന്നു. കോടതി ഇടപെടൽ ഉണ്ടായതോടെ മനസ്സില്ല മനസ്സോടെയാണ് എഫ്ഐആർ ഇട്ടത്. ഈ നീക്കത്തിൽ കോൺഗ്രസ് നേതാക്കൾക്ക് ഒട്ടും ആവേശമില്ല. ഇത് തിരിച്ചറിഞ്ഞാണ് പരാതിക്കാരനായ ബിജെപി നേതാവ് ഷോൺ ജോർജ് അടക്കമുള്ളവരുടെ പ്രതികരണം. പിണറായിക്ക് യുഡിഎഫ് സർക്കാർ ഒത്താശ ചെയ്തു എന്നാണ് ബിജെപി ആരോപിക്കുന്നത്.

തുടക്കം മുതൽ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോഗിക്കിന്റെ ഇടപാട് എന്ന നിലപാടെടുത്ത പിണറായി വിജയന് പാർട്ടിയെയും അണികളെയും യഥാർത്ഥ വസ്തുത ബോധ്യപ്പെടുത്താൻ ആയിട്ടില്ല. തുക ചെറുതല്ലേ എന്ന വാദം ഉന്നയിച്ചാണ് പലപ്പോഴും സിപിഎം ഇതിനെ പ്രതിരോധിച്ചത്. പക്ഷേ ഈ ഘട്ടത്തിൽ പിണറായിയെ കൈവിട്ടാൽ പാർട്ടി വെട്ടിലാവും എന്ന വിലയിരുത്തലാണ് സിപിഎം നേതാക്കൾക്കുള്ളത്. സിപിഎം നേരത്തെ മുതൽ ഉയർത്തിപ്പിടിച്ച നിലപാട് അനുസരിച്ചാണെങ്കിൽ പ്രതിപക്ഷ നേതൃപദവി പിണറായി വിജയന് ഒഴിയേണ്ടി വരും. ലാവലിൻ കേസിന്റെ കാലത്ത് ധാർമികത മാനിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിണറായി വിജയൻ മാറിനിന്നിരുന്നു. പക്ഷേ പാർട്ടി പിണറായി വിജയനെ ഒരിക്കലും കൈവിട്ടില്ലെന്ന് മാത്രമല്ല ലാവലിൻ കേസിന് ശേഷമാണ് പിണറായി വിജയൻ പാർട്ടിയുടെ നിയന്ത്രണം കൈക്കലാക്കിയത്. അതുകൊണ്ടുതന്നെ ഇപ്പോൾ പിണറായിയെ കൈവിട്ടാൽ സിപിഎം പ്രതിസന്ധിയിലാകും. അതേസമയം, പിണറായി മാത്രമല്ല കുടുംബം ഒന്നാകെ സംശയത്തിന്റെ നിഴലിലായത് പാർട്ടി അണികളെ പൂർണമായും ബോധ്യപ്പെടുത്തുക എളുപ്പമായിരിക്കില്ല.

YouTube video player