മാസപ്പടി കേസ് ഇടത് മുന്നണിക്കെതിരായ രാഷ്ട്രീയ നീക്കമെന്ന് പറയുന്നതിലൂടെ പിണറായി വിജയന്‍ ന‌ടത്തുന്നത് പ്രതിരോധം

തിരുവനന്തപുരം: മാസപ്പടി കേസ് ഇടത് മുന്നണിക്കെതിരായ രാഷ്ട്രീയ നീക്കമെന്ന് പറയുന്നതിലൂടെ പിണറായി വിജയന്‍ ന‌ടത്തുന്നത് പ്രതിരോധം. കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സിപിഐ നേതൃത്വം പിണറായിക്ക് തുറന്ന പിന്തുണ കൊടുക്കാന്‍ മടിച്ചു നില്‍ക്കുന്നതിനിടെയാണ് ഇടത് മുന്നണിക്കെതിരായ നീക്കമെന്ന വ്യാഖ്യാനമുയര്‍ത്തിയുളള പിണറായിയുടെ പ്രതിരോധം. തെറ്റുതിരുത്തല്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന വിശാല ജില്ലാ സമിതിയുടെ ആലപ്പുഴയിലെ ആദ്യ യോഗം തന്നെ മാസപ്പടി കേസിലെ പ്രതിരോധത്തിനുളള വേദിയാക്കി പിണറായി മാറ്റിയത് സിപിഎമ്മിലും പുതിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

പാര്‍ട്ടിയുടെ പരാജയവും പരാജയത്തിനു കാരണമായ സാഹചര്യങ്ങളുടെ തിരുത്തലും ലക്ഷ്യമിട്ടാണ് വിശാല ജില്ലാ നേതൃയോഗങ്ങള്‍ വിളിച്ചതെങ്കിലും ആദ്യ ജില്ലാ യോഗത്തില്‍ തന്നെ അജന്‍ഡ മാസപ്പടി കേസിലേക്ക് ചുരുക്കാന്‍ ശ്രമിക്കുകയാണ് പിണറായി. സിപിഎമ്മിനെതിരായ ആക്രമണമാണ് ഇഡി കേസ് എന്ന് ഇതുവരെ പറഞ്ഞിടത്തു നിന്ന് ഒരുപടി കൂടി കടന്നായിരുന്നു ഇന്നത്തെ വിശദീകരണം. ഇടതുമുന്നണിക്കും സിപിഎമ്മിനും എതിരായ നീക്കമെന്നാണ് എക്സാലോജിക് കേസിനെ പിണറായി ഇന്ന് വിശേഷിപ്പിച്ചത്.

മാസപ്പടി കേസിലെ ഇഡി നീക്കങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇപ്പോഴും ഇടത് ഘടകകക്ഷികള്‍ മടിച്ചു നില്‍ക്കുന്നതിടെയുളള പിണറായിയുടെ ഈ പ്രസ്താവനയോട് സിപിഐ നേതൃത്വം ഉള്‍പ്പെടെ എങ്ങിനെ പ്രതികരിക്കുമെന്നത് പ്രധാനം. വിശാല സംസ്ഥാന സമിതിയിലെ ചര്‍ച്ചകള്‍ ഇഡി കേസിലേക്ക് കേന്ദ്രീകരിക്കാനുളള നീക്കങ്ങള്‍ ജനറല്‍ സെക്രട്ടറി എംഎ ബേബിയുടെ നേതൃത്വത്തില്‍ കോഴിക്കോട് പ്രതിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആദ്യ ജില്ലാ നേതൃയോഗത്തില്‍ അതേ വിഷയം പിണറായി എടുത്തിടുന്നതെന്നതും ശ്രദ്ധേയമാണ്.

YouTube video player