മുൻ മന്ത്രി മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുകൾക്ക് എസ്ഐടി സംഘം നോട്ടീസ് നൽകി. ഹസൻ വാരിസ്, നിഖിൽ എന്നിവരെയാണ് ആദ്യം ചോദ്യം ചെയ്യുന്നത്.
കൊച്ചി: പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ മാസപ്പടി കുഴൽപ്പണ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം റിയാസിന്റെ സുഹൃത്തുക്കള്‍ക്ക് നോട്ടീസ് അയച്ചു. റിയസിന്റെ സുഹൃത്തുക്കള്‍ മുഖേന കള്ളപ്പണം വിദേശത്തേക്ക് അയച്ചുവെന്നാണ് ഇഡി കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനായി നോട്ടീസ് നൽകിയത്. മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുകളായ ഹസ്സൻ വാരിസ്, നിഖിൽ എന്നിവർക്കാണ് എസ്ഐടി നോട്ടീസ് നൽകിയത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിന്റെ ഭാഗമായാണ് പ്രാഥമിക അന്വേഷണം.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇ ഡി ശുപാർശ ചെയ്തത്. ഹവാലയിൽ ഊന്നിയാകും എസ്ഐടിയുടെ ആദ്യ അന്വേഷണം. ഹവാല ഇടപാട് അടക്കം ഇഡി കൈമാറിയ തെളിവുകൾ പരിശോധിക്കുകയാണ് എസ്ഐടിയുടെ ആദ്യ ദൗത്യം. അന്വേഷണത്തിന് ശേഷം നിയമവൃത്തങ്ങളുമായി ആലോചിച്ചാകും കേസ് എടുക്കുന്നതിൽ തീരുമാനം. അനധികൃത സ്വത്ത് സമ്പാദനത്തിൽ പ്രത്യേക വിജിലൻസ് കേസെടുത്ത് അന്വേഷിക്കണോ എന്നതടക്കം ആലോചിക്കും. അന്വേഷണം മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായിക്കെതിരെ അടക്കമായതിനാൽ ഓരോ ഘട്ടത്തിനും വലിയ രാഷ്ട്രീയ പ്രാധാന്യവുമുണ്ടാകും.










