Asianet News MalayalamAsianet News Malayalam

തൃശ്ശൂരില്‍ വന്‍ മരംകൊള്ള; അഞ്ചുകോടി വിലവരുന്ന മരങ്ങള്‍ കടത്തി, റവന്യു ഉത്തരവ് റദ്ദാക്കിയിട്ടും പാസ് നല്‍കി

റവന്യൂ ഭൂമിയിലെ മരംമുറിക്കുളള പാസിന്‍റെ മറവില്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്ന് കടത്തിയത് അഞ്ചുകോടി രൂപയുടെ ഈട്ടി തടിയെന്നാണ് കണ്ടെത്തല്‍. പരാതി വ്യാപകമായതോടെ രണ്ട് ദിവസത്തിനുള്ളില്‍ അൻപതോളം കേസുകളാണ് വനംവകുപ്പ് രജിസ്ട്രര്‍ ചെയ്തത്.

mass tree robbery in thrissur
Author
Thrissur, First Published Jun 10, 2021, 10:23 AM IST

തൃശ്ശൂര്‍: വയനാട്ടിലെ മുട്ടില്‍ മോഡല്‍ മരംമുറി തൃശ്ശൂരിലും. വടക്കാഞ്ചേരിയിലെ മച്ചാട് റേഞ്ചിലാണ് ഏറ്റവും കൂടുതല്‍ തേക്കും ഈട്ടിയും വെട്ടി കടത്തിയിരിക്കുന്നത്. മച്ചാട് റേഞ്ചില്‍ മാത്രം അനുവദിച്ചത് 33 പാസുകളാണ്. പാസിന്‍റെ മറവില്‍ 500 ഓളം മരങ്ങള്‍ കടത്തിയെന്നാണ് വനംവകുപ്പിന്‍റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. പുലാക്കോട് മേഖലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മരം മുറിച്ചത്. ലാന്‍റ് അസൈൻമെന്‍റ് പട്ടയമുളള ഭൂമിയിലും മരംമുറി നടന്നിട്ടുണ്ട്.

കടത്തിയ തടികള്‍ ഇനി കണ്ടെത്തുന്നത് എളുപ്പമല്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പിടിച്ചെടുത്ത തടികള്‍ എളനാട് സ്റ്റേഷനിലും പരിസരത്തും ഇപ്പോഴും കിടക്കുന്നുണ്ട്. റവന്യൂ ഭൂമിയിലെ മരംമുറിക്കുളള പാസിന്‍റെ മറവില്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്ന് കടത്തിയത് അഞ്ചുകോടി രൂപയുടെ ഈട്ടി തടിയെന്നാണ് കണ്ടെത്തല്‍. പരാതി വ്യാപകമായതോടെ രണ്ട് ദിവസത്തിനുള്ളില്‍ അൻപതോളം കേസുകളാണ് വനംവകുപ്പ് രജിസ്ട്രര്‍ ചെയ്തത്. ഉത്തരവ് റദ്ദാക്കിയ ശേഷവും കഴിഞ്ഞ ഫെബ്രുവരി നാലിന് മരങ്ങള്‍ കൊണ്ട് പോകാൻ വീണ്ടും പാസ് നല്‍കിയത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് മച്ചാട് റേഞ്ച് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചത്. 

അന്വേഷണം പുരോഗമിക്കുന്നതിനിടെ അകമല, പൂങ്ങോട്, പൊങ്ങണംകോട് എന്നീ സ്റ്റേഷനുകള്‍ നിര്‍ത്തലാക്കിയത് കേസുകള്‍ അട്ടിമറിക്കാനാണെന്നാണ് വനംസംരക്ഷക പ്രവര്‍ത്തരുടെ ആക്ഷേപം. എന്നാല്‍  വര്‍ഷങ്ങള്‍ക്ക് മുമ്പുളള നിര്‍ദേശം ഇപ്പോള്‍ നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നാണ് തൃശൂര്‍ ഡിഎഫ്ഓയുടെ വിശദീകരണം. പരാതികള്‍ കൂടിയതോടെ ഓരോ റേഞ്ച് കേന്ദ്രീകരിച്ചും വെവ്വേറെ കേസുകളാണ് വനംവകുപ്പ് രജിസ്ട്രര്‍ ചെയ്യുന്നത്. മുറിച്ചുമാറ്റപ്പെട്ട മരങ്ങളുടെ കണക്കുകള്‍ ഉടൻ സമര്‍പ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios