എറണാകുളം അങ്കമാലി അതിരൂപത മെത്രാപൊലിത്തൻ വികാരിയുടെ സർക്കുലർ ആശയ കുഴപ്പം സൃഷ്ടിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് സർക്കുലർ പുറപ്പെടുവിക്കുന്നതെന്നും മാർ ആഡ്രൂസ് താഴത്ത് വിശദീകരിക്കുന്നു
കൊച്ചി: ഏകീകരിച്ച കുർബാനയെ ചൊല്ലി സിറോ മലബാർ സഭയിൽ ഭിന്നത രൂക്ഷം. ജനാഭിമുഖ കുർബാന തുടരാൻ വത്തിക്കാൻ അനുമതി നൽകിയെന്ന് എറണാകുളം അങ്കമാലി അതിരൂപത ബിഷപ്. എന്നാൽ സിനഡ് തീരുമാനത്തിനെതിരെ ബിഷപ്പിറക്കിയ സർക്കുലറിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വാർത്താ കുറിപ്പിറക്കി. കർദിനാൾ നാളെ സഭാ ആസ്ഥാനത്ത് പരിഷ്കരിച്ച കുർബാന നടത്തുമെന്ന് നേതൃത്വം വ്യക്തമാക്കി
പുതിയ ആരാധനാ ക്രമം നാളെ നിലവിൽ വരാനിരിക്കെയാണ് സഭാ നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കി എറണാകുളം അങ്കമാലി ബിഷപ് സർക്കുലർ ഇറക്കിയത്. അതിരൂപതിയൽ നാളെ ജനാഭിമുഖ കുർബാന തന്നെ തുടരാൻ വത്തിക്കാൻ ഇളവ് നൽകിയെന്നും പരിഷ്കരിച്ച കുബാന നടത്തില്ലെന്നുമായിരുന്നു സർക്കുലർ. സിനഡ് തീരുമാനത്തിനെതിരായ ബിഷപ്പിന്റെ സർക്കുലർ സഭാ നേതൃത്വത്തെ അമ്പരപ്പിച്ചു. തൊട്ടുപിന്നാലെ ഇങ്ങനെ ഒരു അറയിപ്പും തങ്ങൾക്കില്ലെന്നും പുതുക്കിയ കുർബാന സിറോ മലബാർ സഭയിൽ നടപ്പാക്കുമെന്നും കർദ്ദിനാളും അറയിച്ചു. ഇതോടെ പൗരസ്ത്യ തിരുസംഘം നൽകിയ കത്തിന്‍റെ പകർപ്പ് പുറത്ത് വിട്ട് ഒരു വിഭാഗം കർദിനാളിനെതിരായ മറുപടി നൽകി. മെത്രോപ്പാലിത്തൻ വികാരിയ്ക്ക് തന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് പുതുക്കിയ കുർബാന നടപ്പാക്കുന്നതിൽ നിന്ന് അതിരൂപതയക്ക് ഇളവ് നൽകാം എന്നാണ് പൗരസ്ത്യ തിരുസംഘം കത്തിലുള്ളത്.
പ്രതിഷേധം തുടരുന്നുണ്ടെങ്കിലും പുതുക്കിയ കുർബാനയുമായി മുന്നോട്ട് പോകാൻ തന്നെയാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ തീരുമാനം. എറണാകുളം സെന്‍റ് മേരീസ് കത്തിഡ്രലിന് പകരം നാളെ സഭാ ആസ്ഥാനമായ സെന്‍റ് മൗണ്ടിൽ പരിഷ്കരിച്ച കുർബാന അർപ്പിക്കാനാണ് ആലോചന.
