തിരുവനന്തപുരം:  കോവിഡ് കേസുകൾ കുതിച്ചുയർന്നതോടെ  സംസ്ഥാനത്ത്  മാസ് വാക്സിനേഷന് തുടക്കം.  ഒരു മാസത്തിനുള്ളിൽ പരമാവധി പേരിലേക്ക് വാക്സിൻ എത്തിക്കാനാണ് ശ്രമം.  എല്ലാവർക്കും വാക്സിൻ നൽകാനാണ് ശ്രമമെങ്കിലും വാക്സിൻ സ്റ്റോക്കിലെ കുറവ് ആശങ്കയായി തുടരുകയാണ്.

സീറോ സർവയലൻസ് പഠനമനുസരിച്ച് സംസ്ഥാനത്ത് 89 ശതമാനം പേർക്കും ഇതുവരെ കോവിഡ് വന്നിട്ടില്ല. അതിനാൽത്തന്നെ തെരഞ്ഞെടുപ്പിന് ശേഷം കുത്തനെ കേസുകൾ കൂടുന്ന പുതിയ സാഹചര്യം ആശങ്കാജനകമാണ്. നിയന്ത്രണങ്ങൾ കൈവിട്ട തെരഞ്ഞെടുപ്പ് കാലത്ത് എല്ലാവരിലേക്കും രോഗമെത്താനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് 45നും 60നും മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ ഉറപ്പാക്കാനുള്ള മാസ് വാക്സിനേഷൻ.

സർക്കാർ-സ്വകാര്യ മേഖലകളിലായി 865 കേന്ദ്രങ്ങളിൽ ഇന്ന് വാക്സിൻ നൽകുന്നുണ്ട്. വാക്സിൻ സ്റ്റോക്കു കുറവായത് കണക്കിലെടുത്ത് കരുതലോടെ വിനിയോഗിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് വാ‍ർഡുകൾ കേന്ദ്രീകരിച്ചാണ് ക്യാംപുകൾ.  ഇന്നത്തെ മാസ് വാക്സിനേഷന് മുൻപ്  64850 ഡോസ്  കൊവാക്സീനും , 937290 ഡോസ്  കൊവിഷീൽഡും ആണ് സ്റ്റോക്കുള്ളത്.  

വാക്സിനേഷൻ ക്യാന്പുകൾ വിപുലമാക്കാൻ ഇത് തികയില്ല.  സര്‍ക്കാര്‍ ആശുപത്രികളില്‍ പലയിടത്തും സ്റ്റോക്ക് തീര്‍ന്നു.  47,59883 പേരാണ് ഇതുവരെ കേരളത്തില്‍ വാക്സീൻ സ്വീകരിച്ചത്. പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് ഇത് എത്തിയിട്ടില്ലെന്ന് മാത്രമല്ല, വിപുലീകരിക്കാൻ ശ്രമിക്കുമ്പോൾ  വാക്സിൻ ക്ഷാമം നേരിടുന്നതും കേരളത്തിന് തിരിച്ചടിയാവും.