ഉദ്യോഗസ്ഥ–രാഷ്ട്രീയ ഒത്താശയോടെ നൂറ്റമ്പതോളം അനർഹർ ലൈഫ് മിഷനിൽ വീട് തട്ടിയെടുത്ത ഇടുക്കി ഉപ്പുതറ പഞ്ചായത്തിൽ വീട് കിട്ടാതെ ഇപ്പോഴും കാത്തിരിക്കുന്നത് എണ്ണൂറിലധികം പേരാണ്.
ഇടുക്കി: ഉദ്യോഗസ്ഥ–രാഷ്ട്രീയ ഒത്താശയോടെ നൂറ്റമ്പതോളം അനർഹർ ലൈഫ് മിഷനിൽ വീട് തട്ടിയെടുത്ത ഇടുക്കി ഉപ്പുതറ പഞ്ചായത്തിൽ വീട് കിട്ടാതെ ഇപ്പോഴും കാത്തിരിക്കുന്നത് എണ്ണൂറിലധികം പേരാണ്. പദ്ധതിയിലെ അഴിമതി സംബന്ധിച്ച അന്വേഷണം നടക്കുന്നതിനാൽ ഇപ്പോഴത്തെ ഭരണ സമിതിക്ക് ഒരു വീടിനു പോലും പണം അനുവദിക്കാനായിട്ടില്ല.
പിള്ളേരെയും കൊണ്ട് ഭയങ്കര ബുദ്ധിമുട്ടിലാണ് ഞങ്ങൾ. പേടിച്ചിട്ടെന്നാ ചെയ്യാൻ പറ്റും? പിള്ളേരെയും കൊണ്ട് എവിടെപ്പോകും? കുഞ്ഞുമോൻ നിറകണ്ണുകളോടെ ചോദിക്കുന്നു. വീടിന്റെ കാര്യമോർക്കുമ്പോൾ എപ്പോഴും കുഞ്ഞുമോന്റെ കണ്ണിങ്ങനെ നിറഞ്ഞൊഴുകും. നാൽപ്പത്തിയഞ്ചു വർഷം മുൻപ് പണിത ഏതു നിമിഷവും തകർന്നു വീഴാവുന്ന ചെറ്റക്കുടിലിലാണ് കുഞ്ഞുമോനും ഭാര്യയും രണ്ടു പെൺകുട്ടികളുമടങ്ങുന്ന കുടുംബം കിടന്നുറങ്ങുന്നത്. മഴയൊന്നു കനത്താൽ ഉറക്കമിളച്ചിരുന്ന് നേരം വെളുപ്പിക്കണം. ഈ വീട്ടിൽ കിടക്കാൻ പേടിയാണെന്ന് കുഞ്ഞുമോന്റെ ഭാര്യ പറയുന്നു.
ഇനി പ്രകാശിന്റെയും കുടുംബത്തിന്റെയും അവസ്ഥ നോക്കാം. 2018 ൽ വീട് തകർന്നതോടെ വാടകവീട്ടിലേക്ക് മാറിയതാണ്. പ്രകാശിന്റെ ഒരു കാൽ മുറിച്ചു കളഞ്ഞതോടെ ഭാര്യ സുജാത ലോട്ടറി വിറ്റുകിട്ടുന്ന പണം കൊണ്ടാണ് കഴിയുന്നത്. ലൈഫിൽ വീട് കിട്ടാൻ വർഷങ്ങളായി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുകയാണിദ്ദേഹം. ലിസ്റ്റിൽ ആറാം വാർഡിലെ ഒന്നാമത്തെ വീടാണ്. ഫണ്ടില്ലെന്നാണിപ്പോൾ പറയുന്നത്.
പുതിയ ഭരണ സമിതി അധിരകാരത്തിലെത്തിയപ്പോൾ ഇങ്ങനെയുള്ളവരുടെ 1566 അപേക്ഷകളാണ് ലഭിച്ചത്. 2023 ൽ 853 പേരുടെ ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഒരു വർഷം കഴിഞ്ഞിട്ടം ഫണ്ട് ലഭിക്കാതെ വന്നതോടെ ലൈഫ് മിഷനെ സമീപിച്ചപ്പോഴാണ് അഴിമതി സംബന്ധിച്ച അന്വേഷണം പൂർത്തിയായില്ലെന്നറിയുന്നത്. അന്വേഷണം എന്നു പൂർത്തിയാകുമെന്ന് അർക്കുമറിയില്ല. അതുവരെ ലിസ്റ്റിലുള്ളവർ പോലും വീടിനായി കാത്തിരിക്കേണ്ടി വരും. താൽക്കാലിക ലാഭത്തിനായി അനർഹരെ കുത്തി നിറച്ചവരിപ്പോൾ അർഹരായ പാവപ്പെട്ടവരുടെ മുന്നിൽ കണ്ണടക്കുകയാണ്.

