പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പിന്‍റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ സംസ്കാരം ഇന്ന് നടത്തിയേക്കില്ല. ആരോപണ വിധേയരായ വനപാലകർക്കെതിരെ നടപടി എടുത്തതിന് ശേഷമെ സംസ്കാരം നടത്തുകയുള്ളുവെന്നാണ് കുടുംബത്തിന്റെ നിലപാട്. പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് മത്തായിയുടെ ഭാര്യ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. 

കേസിൽ വനം വകുപ്പിന്റേയും പൊലീസിന്റേയും അന്വേഷണം നടക്കുകയാണ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ രേഖകളടക്കം പൊലീസ് പരിശോധിക്കും. എന്നാൽ, ഇതുവരെ ഈ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. മത്തായിയുടേത് മുങ്ങി മരണമെന്നായിരുന്നു ഇന്നലെ പുറത്തുവന്ന പോസ്‍റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മത്തായിയുടെ ശരീരത്തിൽ മർദനമേറ്റതിന്‍റെ സൂചനകളില്ല എന്നും റിപ്പോര്‍ട്ടിലുണ്ട്. ചൊവ്വാഴ്ചയാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ സ്വന്തം ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെട്ട മത്തായി കിണറ്റിലേക്ക് ചാടിയെന്നായിരുന്നു വനം വകുപ്പ് വിശദീകരണം. 

വനം വകുപ്പിന്‍റെ ഈ വാദങ്ങൾ ശരിവെയ്ക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. മത്തായിയുടെ ശരീരത്തിൽ ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളില്ല. എന്നാൽ തലയുടെ ഇടത് ഭാഗത്ത് ക്ഷതവും ഇടത് കയ്യുടെ അസ്ഥിക്ക് ഒടിവുമുണ്ട്. മൂക്കിൽ നിന്ന് രക്തം വാർന്നതിന്‍റെ സൂചനകളുമുണ്ട്. ഇത് കിണറ്റിൽ വീണപ്പോൾ സംഭവിച്ചതെന്നാണ് നിഗമനം. അതേസമയം കസ്റ്റഡിയിലുള്ള ആളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ വനം വകുപ്പ് വീഴ്ച വരുത്തിയെന്ന ആരോപണം ശക്തമാകുകയാണ്.