എല്ലാ പരിധിയും ലംഘിച്ചാൽ മന്ത്രിമാർക്ക് തലങ്ങും വിലങ്ങും നടക്കാം എന്നത് വ്യാമോഹം മാത്രമാണ്. പിഎസ്.സി റാങ്ക് ലിസ്റ്റിൽ നിന്നും അടിയന്തരമായി നിയമനം നടത്തണം

തിരുവനന്തപുരം: പി.എസ്.എസി റാങ്ക് പട്ടികയുടെ കാലവധി നീട്ടാതിരിക്കുകയും പിഎസ്.സിയെ അവ​ഗണിച്ച് പിൻവാതിൽ നിയമനം നടത്തുകയും ചെയ്യുന്ന സ‍ംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കൊച്ചി മുതൽ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് വരെ ബുള്ളറ്റിൽ പ്രതിഷേധ യാത്ര നടത്തി കോൺ​ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. 

തൻ്റെ സമരത്തിൽ രാഷ്ട്രീയമില്ലെന്നും പി.എസ്.സി ജോലിക്കായി കഠിനപരിശ്രമം നടത്തി കാത്തിരിക്കുന്ന കേരളത്തിലെ യുവാക്കളെ അവ​ഗണിക്കാനാണ് സ‍ർക്കാരിൻ്റെ ഉദേശമെങ്കിൽ കടുത്ത പ്രതിഷേധത്തെ നേരിടേണ്ടി വരുമെന്നും സെക്രട്ടേറിയറ്റിന് മുൻപിൽ നടന്ന നീതിയാത്രയുടെ സമാപന സമ്മേളനത്തിൽ മാത്യു കുഴൽനാടൻ പറഞ്ഞു. 

എല്ലാ പരിധിയും ലംഘിച്ചാൽ മന്ത്രിമാർക്ക് തലങ്ങും വിലങ്ങും നടക്കാം എന്നത് വ്യാമോഹം മാത്രമാണ്. പിഎസ്.സി റാങ്ക് ലിസ്റ്റിൽ നിന്നും അടിയന്തരമായി നിയമനം നടത്തണം. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണം. സെക്രട്ടേറിയറ്റിന് മുൻപിൽ പി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട യുവാക്കൾ നടത്തുന്ന പ്രതിഷേധം വലിയ സമരമായി മാറുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ഉദ്യോഗാർഥികളുടെ തുടർ സമരത്തിന് പ്രതിപക്ഷ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.