Asianet News MalayalamAsianet News Malayalam

മട്ടന്നൂരിലെ ബോംബ് സ്ഫോടനം: രണ്ടാമനും മരിച്ചു; കൊല്ലപ്പെട്ടത് ആക്രി വിറ്റ് ഉപജീവനം കണ്ടെത്തിയ അച്ഛനും മകനും

അസം സ്വദേശികളായ ഫസൽ ഹഖ്, ഷഹീദുൾ എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റ് ഉപജീവനം കണ്ടെത്തിയവരായിരുന്നു ഇരുവരും

Mattannur Bomb blast two Assam natives killed
Author
Mattannur, First Published Jul 6, 2022, 8:47 PM IST

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ വീട്ടിനകത്തുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. മട്ടന്നൂർ പത്തൊൻപതാം മൈലിലാണ് സംഭവം. സ്ഫോടനത്തിൽ ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസം സ്വദേശികളായ ഫസൽ ഹഖ്, ഷഹീദുൾ എന്നിവരാണ് കൊല്ലപ്പെട്ടത്. 50 കാരനായ ഫസൽ ഹഖിന്റെ മകനായിരുന്നു ഷഹീദുൾ. ഇരുവരും ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റ് ഉപജീവനം കണ്ടെത്തിയവരായിരുന്നു. ഇവർ വാടകയ്ക്ക് താമസിച്ച വീട്ടിൽ ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് സ്ഫോടനം ഉണ്ടായത്. ബോംബാണ് പൊട്ടിത്തെറിച്ചത്. പൊലീസ് സ്ഥലത്ത് പരിശോധന തുടങ്ങി.

ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെയാണ് മട്ടന്നൂരിനടുത്ത് കാശിമുക്കിൽ വാടക വീട്ടിൽ സ്ഫോടനം ഉണ്ടായത്. ആക്രിക്കച്ചവടം നടത്തുന്ന അസം സ്വദേശികൾ വാടകയ്ക്ക് താമസിക്കുന്ന വീടായിരുന്നു. നാട്ടുകാരും പൊലീസും എത്തി പരിശോധിച്ചപ്പോൾ ഒരാൾ കൊല്ലപ്പെട്ടതായും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും കണ്ടെത്തി. ഫസൽ ഹഖ് (45) ആണ് സ്ഫോടന സ്ഥലത്ത് വച്ച് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൻ ശഹീദുൾ (22) ആശുപത്രിയിൽ വച്ചും മരിച്ചു. 

പൊലീസ് ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിൽ സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചത് എന്ന് വ്യക്തമായി. വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിൽ വച്ചാണ് സ്ഫോടനം നടന്നത്. വീടിന്റെ മേൽക്കൂര അപ്പാടെ തകർന്നു. ആക്രി പെറുക്കുന്നതിനിടയിൽ കിട്ടിയ സ്റ്റീൽ പാത്രം മുറിയിൽ വച്ച് തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിച്ചതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

സ്റ്റീൽ പാത്രം തുറക്കാൻ ശ്രമിക്കുന്നതിനിടെ ഷഹീദുളിന്റെ കൈപത്തി അറ്റുപോയി. സ്ഫോടനം നടക്കുമ്പോൾ വീടിന്റെ താഴത്തെ നിലയിൽ മൂന്ന് പേരുണ്ടായിരുന്നു. ഇവർക്ക് പരിക്കേറ്റിട്ടില്ല. കൂത്തുപറമ്പ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് വിശദമായ പരിശോധന നടത്തി. കഴിഞ്ഞ മൂന്ന് മാസമായി കാശിമുക്കിൽ അഞ്ച് അസം സ്വദേശികൾ വാടകയ്ക്ക് താമസിച്ച് ആക്രികച്ചവടം നടത്തിവരികയായിരുന്നു. 

സ്ഫോടനത്തിൽ കേസ് രജിസ്റ്റർ ചെയ്ത മട്ടന്നൂർ പൊലീസ് അസം സ്വദേശികളിൽ നിന്നും പ്രദേശവാസികളിൽ  നിന്നും വിശദമായ മൊഴിയെടുത്തു. ബോംബ് സ്ക്വാഡ് പരിശോധനയും നടത്തി. എവിടെ നിന്ന് ആക്രി പെറുക്കുമ്പോഴാണ് ഈ സ്റ്റീൽ ബോംബ് കിട്ടിയതെന്ന് പൊലീസിന് ഇതുവരെ വ്യക്തമായിട്ടില്ല.

Follow Us:
Download App:
  • android
  • ios