കേരള പൊലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടു. സംസ്ഥാന ആഭ്യന്തര വകുപ്പിന് നാഥനില്ല. കുത്തഴിഞ്ഞ സ്ഥിതിയാണ് ആഭ്യന്തര വകുപ്പിലുള്ളതെന്ന് ചെന്നിത്തല.

കൊച്ചി: കണ്ണൂർ ട്രെയിൻ സംഭവത്തില്‍ കേരളാ പൊലീസിനെയും (Kerala Police) മുഖ്യമന്ത്രിയെയും വിമർശിച്ച് രമേശ് ചെന്നിത്തല (Ramesh Chennithala). സംസ്ഥാനത്തെ ആഭ്യന്തരം പൂർണ പരാജയമാണെന്ന് ചെന്നിത്തല വിമർശിച്ചു. കേരള പൊലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടു. കേരള പൊലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടു. സംസ്ഥാന ആഭ്യന്തര വകുപ്പിന് നാഥനില്ല. കുത്തഴിഞ്ഞ സ്ഥിതിയാണ് ആഭ്യന്തര വകുപ്പിലുള്ളത്. പൊലീസ് നിരപരാധികളെ ആക്രമിക്കുകയാണ്. വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും ചെന്നിത്തല പ്രതികരിച്ചു.

ഡി ലിറ്റ് വിവാദത്തില്‍ തന്റെ ചോദ്യങ്ങളിൽ ഉത്തരം വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തന്റെ ചോദ്യങ്ങൾ ഗവർണ്ണർ തള്ളിയില്ല എന്നത് പ്രസക്തമാണ്. രാജ്യത്തിന് അവമതിപ്പ് ഉണ്ടാക്കുന്ന കാര്യങ്ങളാണ് സർവകലാശാലകളിൽ നടക്കുന്നത് എന്ന് ഗവർണ്ണർ പറഞ്ഞതു ഗൗരവതരമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം വെടിയണം. കേരളം സർവകലാശാലയുടെ മൗനവും ദുരൂഹമാണെന്ന് ചെന്നിത്തല വിമര്‍ശിച്ചു. വി സി എന്ത് കൊണ്ടാണ് പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. വിവരങ്ങൾ ജനങ്ങളോട് പറയാൻ വി സി ബാധ്യസ്ഥനാണ്. ചെറു കാര്യങ്ങൾക്ക് പോലും വിശദീകരണം നൽകുന്നതാണ് സർവകലാശാല. ഈ കാര്യത്തില്‍ എന്താണ് മൗനമെന്ന് ചെന്നിത്തല ചോദിച്ചു.

പോരാട്ടം തുടരുമെന്നും സർക്കാരിനെ ഇനിയും തുറന്നു കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒറ്റയാൾ പോരാട്ടം മുൻപും നടത്തിയിട്ടുണ്ട്. പിന്നീട് പാർട്ടി ഏറ്റെടുത്തിട്ടുണ്ട്. ആരും ഇക്കാര്യത്തിൽ പുറകോട്ടു പോയിട്ടില്ല. എല്ലാവരും ഒപ്പമുണ്ടെന്നും കോണ്‍ഗ്രസിൽ അഭിപ്രായ വ്യത്യാസമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.