Asianet News MalayalamAsianet News Malayalam

Police Atrocity in Train : മാവേലി എക്സ്‍പ്രസിലെ പൊലീസ് അതിക്രമം; കടുത്ത നടപടിക്ക് ശുപാ‌ർശ ചെയ്യും: കമ്മീഷണർ

യാത്രക്കാരൻ മദ്യപിച്ചിരുന്നോ എന്നും മറ്റ് നിയമ നടപടികൾ പൂർത്തിയാക്കിയോ എന്നും പരിശോധിക്കും.അന്വേഷണ റിപ്പോർട്ട് വൈകുന്നേരത്തിനകം ലഭിക്കുമെന്നാണ് ആർ ഇളങ്കൊ അറിയിക്കുന്നത്.

Maveli Express Police Atrocity City Police Commissioner says officers action was wrong
Author
Kannur, First Published Jan 3, 2022, 1:15 PM IST

കണ്ണൂ‌‌ർ: മാവേലി എക്സ്പ്രസിൽ (Maveli Express) വച്ച് പൊലീസുകാരൻ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ കടുത്ത നടപടിക്ക് ശുപാ‌ർശ ചെയ്യുമെന്ന് കമ്മീഷണർ ആ‍ർ ഇളങ്കൊ ( R Ilango). പൊലീസുകാരന്‍റെ ആദ്യത്തെ ഇടപടെലിൽ തെറ്റില്ലെന്ന് പറഞ്ഞ സിറ്റി പൊലീസ് കമ്മീഷണർ യാത്രക്കാരനെ ചവിട്ടിയത് തെറ്റ് തന്നെയാണെന്ന് വ്യക്തമാക്കി. മനുഷ്യാവകാശ ലംഘനം നടന്നതായാണ് സിറ്റി പൊലീസ് കമ്മീഷണ‌റുടെ പ്രാഥമിക കണ്ടെത്തൽ. 

യാത്രക്കാരൻ മദ്യപിച്ചിരുന്നോ എന്നും മറ്റ് നിയമ നടപടികൾ പൂർത്തിയാക്കിയോ എന്നും പരിശോധിക്കും.അന്വേഷണ റിപ്പോർട്ട് വൈകുന്നേരത്തിനകം ലഭിക്കുമെന്നാണ് ആർ ഇളങ്കൊ അറിയിക്കുന്നത്. സംഭവത്തിൽ കടുത്ത നടപടി തന്നെ ശുപാർശ ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറയുമ്പോഴും യാത്രക്കാരനെക്കുറിച്ച് ഇത് വരെയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

മാവേലി എക്സ്പ്രസ്സിൽ യാത്രക്കാരനെ നിലത്തിട്ട് ചവിട്ടി ട്രെയിനില്‍ നിന്ന് പുറത്താക്കിയ സംഭവം ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് പുറം ലോകം അറിഞ്ഞത്. കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ എസ്ഐഐ പ്രമോദ് ക്രൂരമായി മർദ്ദിച്ചത്. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിഇ ആണെന്നിരിക്കെയാണ് പൊലീസുകാരൻ ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പർ കമ്പാർട്ട്മെന്റിലിരിക്കുകയായിരുന്ന യാത്രക്കാരനെ കൈയ്യേറ്റം ചെയ്തത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ മർദ്ദന ദൃശ്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറത്ത് വിട്ടത്.

പാലക്കാട് റെയിൽവേ ഡിവൈഎസ്പി സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതിൽ പറയുന്നത് ഇങ്ങനെ: മദ്യപിച്ച് രണ്ട് പേർ പ്രശ്നമുണ്ടാക്കുന്നതായി യാത്രക്കാർ അറിയിച്ചു. ഒരു യാത്രക്കാരൻ തീർത്തും മോശം അവസ്ഥയിലായിരുന്നു. യാത്രക്കാരൻ രണ്ട് പെൺകുട്ടികൾ ഇരുന്ന സ്ഥലത്തിരുന്നു. ഇയാളെ മാറ്റുന്നതിനിടയിൽ നിലത്ത് വീണു. അതിനിടയിലാണ് ഷൂസുകൊണ്ട് എഎസ്ഐ ചവിട്ടിയത്.

 

Read More: Kerala Police Attack : ട്രെയിനിലെ പൊലീസ് മർദ്ദനം; മദ്യപിച്ച് 2 പേർ പ്രശ്നമുണ്ടാക്കി, പ്രാഥമിക റിപ്പോർട്ട്

സ്ലീപ്പർ കംമ്പാർട്ട്മെന്റിലേക്ക് പരിശോധനയുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരൻ മറുപടി നൽകി. കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് പൊലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തത്. തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്നാണ് ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറയുന്നത്. മാവേലി എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ട സമയത്താണ് മർദ്ദനമുണ്ടായത്.

ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും താൻ ചെയ്തതിനെ ന്യായീകരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥൻ ചെയ്തത്. ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നും ഇയാളെ മർദ്ദിച്ചുവെന്ന ആരോപണം തെറ്റാണെന്നും എസ്ഐഐ പ്രമോദ് വിശദീകരിക്കുന്നു. 

Read More: ട്രെയിനിൽ പൊലീസിന്റെ ക്രൂരത, യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി, മർദ്ദനം; ദൃശ്യങ്ങൾ

 

Follow Us:
Download App:
  • android
  • ios