പതിവ് പരിശോധനകള്‍ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ മുരളിക്ക് അവിടെ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
തിരുവനന്തപുരം: മാവേലിക്കര മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം. മുരളി അന്തരിച്ചു. എഴുപത്തിയൊന്നു വയസായിരുന്നു. പതിവ് പരിശോധനകള്‍ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ മുരളിക്ക് അവിടെ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ജനകീയമായ രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയിലൂടെയും നിയമസഭയിലെ മികച്ച പ്രകടനത്തിലൂടെയും ശ്രദ്ധേയനായ നേതാവിനെയാണ് മുരളിയുടെ വിയോഗത്തിലൂടെ കോണ്‍ഗ്രസിന് നഷ്ടമാകുന്നത്.
മണ്ഡലത്തിലെ കല്യാണ വീടുകളിലും മരണ വീടുകളിലും ഓടിയെത്തുന്ന എംഎല്‍എ ഇന്നൊരു പുതുമയല്ല. എന്നാല്‍ 90കളുടെ തുടക്കത്തില്‍ അതൊരു പുതുമയായിരുന്നു. അങ്ങനെയൊരു പുത്തന്‍ പ്രവര്‍ത്തന ശൈലിക്ക് തുടക്കമിട്ട എംഎല്‍എമാരില്‍ ഒരാള്‍ എം.മുരളിയുമായിരുന്നു. ജനങ്ങളുമായി പുലര്‍ത്തിയ ആ ജൈവിക ബന്ധത്തിന്‍റെ കരുത്തിലാണ് മാവേലിക്കര പോലെ ഒരു ഇടത് ശക്തികേന്ദ്രത്തില്‍ ഇരുപത് കൊല്ലം തുടര്‍ച്ചയായി എംഎല്‍എയായിരിക്കാന്‍ മുരളിക്ക് കഴിഞ്ഞതും. പാര്‍ട്ടിയിലെ പിളര്‍പ്പിന്‍റെ കാലത്ത് ആന്‍റണി വിഭാഗം കെഎസ് യുവിന്‍റെ സംസ്ഥാന പ്രസിഡന്‍റായതോടെയാണ് ചെന്നിത്തല ചെറുകോലുകാരന്‍ മുരളി സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായത്. അതേ നാട്ടുകാരനായ രമേശ് ചെന്നിത്തല എതിര്‍ചേരിയിലെ ഐ വിഭാഗം കെഎസ് യുവിന്‍റെ പ്രസിഡന്‍റായതും ആ കാലത്തെ രാഷ്ട്രീയ കൗതുകങ്ങളിലൊന്ന്. കോട്ടയം എംപിയായി രമേശ് തിരഞ്ഞെടുക്കപ്പെട്ടതോടെ 1989ല്‍ ഹരിപ്പാട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുരളി മല്‍സരിച്ചെങ്കിലും തോറ്റു.
ഹരിപ്പാട്ടെ അന്നത്തെ മുരളിയുടെ പരാജയവും 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മാവേലിക്കര പാര്‍ലമെന്‍റ് മണ്ഡലത്തിലെ രമേശിന്‍റെ പരാജയവും ചേര്‍ത്ത് വച്ചുളള കോണ്‍ഗ്രസിലെ ഗ്രൂപ്പ് വ്യാഖ്യാനങ്ങള്‍ ഇന്നും അവസാനിച്ചിട്ടുമില്ല. 1991ലെ പൊതുതിരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ നിന്ന് ജയിച്ച മുരളി 2006ലെ തിരഞ്ഞെടുപ്പു വരെ വിജയം തുടര്‍ന്നു. പാര്‍ട്ടിയിലെന്നും എ ഗ്രൂപ്പിലായിരുന്ന മുരളി ഉമ്മന്‍ചാണ്ടിയുടെ ഏറ്റവുമടുത്ത വിശ്വസ്തരില്‍ ഒരാളുമായിരുന്നു. ഏറ്റവുമധികം സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ച എംഎല്‍എമാരില്‍ ഒരാള്‍ കൂടിയായിരുന്നു മുരളി.
ധനകാര്യ രംഗത്തെ സങ്കീര്‍ണമായ വിഷയങ്ങളിലും സഭയില്‍ മുരളിയുടെ പ്രസംഗങ്ങള്‍ ശ്രദ്ധനേടി.മണ്ഡല പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് 2011 ല്‍ കായംകുളത്തേക്ക് മാറിയെങ്കിലും 1300 വോട്ടിന് തോറ്റു. ഉറപ്പുണ്ടായിരുന്ന മന്ത്രി സ്ഥാനം കൂടിയാണ് ആ പരാജയത്തിലൂടെ മുരളിക്കന്ന് നഷ്ടമായത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരിലും പരാജയപ്പെട്ടു. എങ്കിലും ജില്ലയിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന മുരളിയുടെ വിയോഗം മറ്റൊരു തിരഞ്ഞെടുപ്പിന്‍റെ പടിവാതിലില്‍ ആലപ്പുഴയിലെ കോണ്‍ഗ്രസിനുണ്ടാക്കുന്ന നഷ്ടം ചെറുതല്ല.
