മാവേലിക്കര: കേരളത്തെ ഞെട്ടിച്ച സൗമ്യ പുഷ്പാകരൻ എന്ന പൊലീസ് ഉദ്യോഗസ്ഥയുടെ കൊലപാതകത്തിൽ വൈകാരികമായ കുറിപ്പുമായി സഹപ്രവർത്തകനും മാവേലിക്കര വള്ളിക്കുന്നം എസ്ഐയുമായ ഷൈജു ഇബ്രാഹിം. ഒരിക്കലെങ്കിലും സൗമ്യ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നുവെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ഹൃദയം കല്ലാക്കാൻ വിധിക്കപ്പെട്ടവനാണ് പൊലീസുകാരനെന്നാണ് സൗമ്യയുടെ മൃതദേഹം ഇൻക്വസ്റ്റ് നടത്തേണ്ടി വന്നതിനെ കുറിച്ച് അദ്ദേഹം എഴുതിയിരിക്കുന്നത്.

കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വിഷമം കേൾക്കുക എന്നത് എന്റെ ഉത്തരവാദിത്വമല്ലേയെന്ന് കുറിച്ച ഷൈജു ഈ ചിന്ത തന്നെ വല്ലാതെ വേട്ടയാടുന്നുവെന്നും എഴുതിയിട്ടുണ്ട്. പൊലീസിന്റെ ഭാഗമായ ഒരുവൻ തന്നെ സൗമ്യയുടെ കൊലപാതകത്തിന് കാരണക്കാരനായി എന്നത് തന്റെ വേദനയുടെ ആഴം കൂട്ടുന്നുവെന്നും അദ്ദേഹം പറയുന്നു.

ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രീയ സഹപ്രവർത്തകക്ക് ആദരാഞ്ജലി...

ഒപ്പം ജോലി ചെയ്തിരുന്ന ഒരാളുടെ വിയോഗം അത്രമേൽ വിഷമത്തിലാഴ്ത്തുന്നു.. എന്നും പുഞ്ചിരിയോടെ, ഊർജ്ജസ്വലയായി മാത്രം കണ്ടിരുന്ന ആ സഹപ്രവർത്തകയുടെ അഗ്നിക്കിരയായ ശരീരം പരിശോധിക്കേണ്ട ചുമതലകൂടി വഹിക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാനാവുമോ...
ഒരു പക്ഷേ പൊലീസ് എന്ന വിഭാഗത്തിന് മാത്രം അനുഭവിക്കേണ്ടി വരുന്ന ഗതികേട്...
" അതെ ഞാൻ പൊലീസാണ്.. ഹൃദയം കല്ലാക്കാൻ വിധിക്കപ്പെട്ടവൻ ".
ഇൻക്വസ്റ്റ് തുടങ്ങി തീരും വരെയും പോസ്റ്റ്മോർട്ടം സമയത്തും മരവിച്ച മനസ്സിൽ ആവർത്തിച്ച് മന്ത്രിച്ചതും അത് തന്നെയായിരുന്നു... 
"അതെ ഞാൻ പൊലീസാണ് "

ശരിക്കും എന്നെ യൂണിഫോം താങ്ങി നിർത്തുകയായിരുന്നു... വല്ലാത്ത കരുത്താണ് അത് നമുക്ക് തരുന്നത്. കണ്ണുകൾ നനയാതെ, കൈ വിറക്കാതെ, ശബ്ദം ഇടറാതെ കരുത്ത് പകരുന്ന ശക്തമായ സംവിധാനം...

അതേ പൊലീസിന്റെ ഭാഗമായ ഒരുവൻ തന്നെ ഹേതുവായി എന്നത് എന്റെ വേദനയുടെ ആഴം കൂട്ടുന്നു...

വാർത്താ ചാനലുകളിൽ സൗമ്യ എന്നോട് ഇതിനെ കുറിച്ച് പറഞ്ഞിരുന്നു എന്ന തരത്തിൽ വാർത്തകൾ വന്നപ്പൊൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വിഷമം കേൾക്കുക എന്നത് എന്റെ ഉത്തരവാദിത്വമല്ലേ.. ഒരു തവണ എങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കിൽ, തീർച്ച ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു... ഈ ചിന്ത എന്നെ വല്ലാതെ വേട്ടയാടുന്നു...

മൂന്ന് കുരുന്നുകൾക്ക് നഷ്ട്ടമായ മാതൃത്വത്തിന് പകരമാകില്ല ഒന്നും എന്നറിയാം എങ്കിലും ഇനിയും ഇത്തരത്തിലുള്ള സാഹചര്യങ്ങളും സംഭവങ്ങളും ഉണ്ടാകാതിരിക്കാൻ ,
കരുതലിന്റെ കാവലാളാവാൻ നമുക്ക് കൈകോർക്കാം...
ഷൈജു ഇബ്രാഹിം
SHO
വള്ളികുന്നം 
പൊലീസ് സ്റ്റേഷൻ