ആന്തൂർ മുനിസിപ്പാലിറ്റിയിലെയും മലപ്പട്ടം പഞ്ചായത്തിലെയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിലെ വോട്ട് കൂടി കണക്കാക്കിയാണ് എം വി ഗോവിന്ദന്‍റെ 64 സീറ്റ് പരാമർശം

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ കണക്കുകൾ സൂഷ്മമായി പരിശോധിച്ചാൽ എൽ ഡി എഫിന് നിയമസഭയിൽ 64 സീറ്റ് വരെ ലഭിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആന്തൂർ മുനിസിപ്പാലിറ്റിയിലെയും മലപ്പട്ടം പഞ്ചായത്തിലെയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിലെ വോട്ട് കൂടി കണക്കാക്കിയാണ് എം വി ഗോവിന്ദന്‍റെ 64 സീറ്റ് പരാമർശം. ഇത് സൂചിപ്പിക്കുന്നത്‌ എൽ ഡി എഫിന് തുടർഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും ഉണ്ടെന്നാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇക്കുറി യു ഡി എഫിന് മുൻതൂക്കം ലഭിച്ചെന്നും അപ്രതീക്ഷിതമായ പരാജയമാണ്‌ എൽ ഡി എഫിനുണ്ടായതെന്നും അത് തുറന്നുസമ്മതിക്കാൻ ഒരു മടിയുമില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

എംവി ഗോവിന്ദന്‍റെ കുറിപ്പ്

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യു ഡി എഫിന് മുൻതൂക്കം ലഭിച്ചു. അപ്രതീക്ഷിതമായ പരാജയമാണ്‌ എൽ ഡി എഫിനുണ്ടായത്. അത് തുറന്നുസമ്മതിക്കാൻ ഒരു മടിയുമില്ല. പരാജയകാരണങ്ങൾ എന്തെന്ന് സി പി ഐ എമ്മും എൽ ഡി എഫും വിശദമായി പരിശോധിക്കുകയും ആവശ്യമായവ തിരുത്തുകയും ചെയ്യും. യു ഡി എഫിന് മുൻതൂക്കം ലഭിച്ചതോടെ സി പി ഐ എമ്മിന്റെയും എൽ ഡി എഫിന്റെയും അടിത്തറ തകർന്നുവെന്ന വലതുപക്ഷ കക്ഷികളുടെയും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളുടെയും വിശകലനത്തെ അംഗീകരിക്കാൻ കഴിയില്ല. വിശ്വാസിസമൂഹവും ന്യൂനപക്ഷവും എൽ ഡി എഫിനെതിരെ വോട്ട്‌ ചെയ്തുവെന്ന വലതുപക്ഷ മാധ്യമ ആഖ്യാനവും വസ്തതകളുമായി ബന്ധമില്ലാത്തതാണ്. അതുപോലെതന്നെ ആഞ്ഞുവീശിയത് ഭരണവിരുദ്ധ വികാരമാണെന്ന പ്രചാരണവും. പത്ത് വർഷമായി ഭരിക്കുന്ന എൽ ഡി എഫിന് വോട്ടു കുറഞ്ഞെങ്കിലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയെ മറികടക്കാനും അടിത്തറ ഭദ്രമാണെന്ന് തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്. കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും യു ഡി എഫ് മുൻതൂക്കം നേടിയെങ്കിലും ജില്ലാ പഞ്ചായത്തിൽ ഒപ്പത്തിനൊപ്പമാണ്. ഏഴ് വീതം ജില്ലകളിൽ ഇരുമുന്നണികളും വിജയിച്ചു. തിരുവനന്തപുരം കോർപറേഷനിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും, കേന്ദ്രഭരണത്തിന്റെയും പണത്തിന്റെയും പിന്തുണയുണ്ടായിട്ടും അവകാശവാദങ്ങൾക്ക് അനുസരിച്ച് സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെടുത്താൻ ബി ജെ പിക്ക് ആയില്ല.

ജില്ലാ പഞ്ചായത്തിൽ നേട്ടം

ജില്ലാ പഞ്ചായത്തിലെ വിജയമാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തെ പ്രധാനമായും നിർണയിക്കുക. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലം ഒഴിച്ച് 19 ഉം നഷ്ടപ്പെട്ട എൽ ഡി എഫ്‌ ഏഴ് ജില്ലാ പഞ്ചായത്തിൽ ഭരണം നേടിയത് നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിക്കാനായതിന്റെ ലക്ഷണമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ട് കണക്കാക്കിയാൽ 110 നിയമസഭാ മണ്ഡലത്തിൽ യു ഡി എഫിന് മേൽക്കൈ ഉണ്ടായിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ അത് 75–80 ആയി കുറഞ്ഞുവെന്ന്‌ വലതുപക്ഷ മാധ്യമങ്ങൾ പറഞ്ഞു. 19 സീറ്റിൽമാത്രം മുന്നിലായിരുന്ന എൽ ഡി എഫ് 58 സീറ്റിൽ ഇപ്പോൾ മുന്നിലെത്തിയെന്ന് യു ഡി എഫ് പത്രം മലയാള മനോരമ തന്നെ റിപ്പോർട്ട് ചെയ്തു. മാതൃഭൂമി അത് 59 ആയി ഉയർത്തി. ഞാൻ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന തളിപ്പറമ്പിൽ യു ഡി എഫ് മുന്നിലാണെന്ന് മനോരമ പറയുമ്പോൾ മാതൃഭൂമി പറയുന്നത് എൽ ഡി എഫ്‌ ആണെന്നാണ്. ആന്തൂർ മുനിസിപ്പാലിറ്റിയിലെയും മലപ്പട്ടം പഞ്ചായത്തിലെയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിലെ വോട്ട് കൂടി കണക്കാക്കിയാൽ ഭൂരിപക്ഷത്തിന്റെ തോത് വീണ്ടും വർധിക്കും. അതായത് കണക്കുകൾ സൂക്ഷ്‌മമായി പരിശോധിച്ചാൽ 64 സീറ്റ് വരെ എൽ ഡി എഫിനാണ്‌. ഇത് സൂചിപ്പിക്കുന്നത്‌ എൽ ഡി എഫിന് തുടർഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും ഉണ്ടെന്നാണ്.

ഈ തദ്ദേശ തെരഞ്ഞെടുപ്പോടെ ചരിത്രം അവസാനിക്കുന്നില്ല എന്ന് ഇടതുപക്ഷ വിരുദ്ധരെ വിനീതമായി ഓർമിപ്പിക്കട്ടെ. ഒരുപാട് തിരിച്ചടികളും തോൽവികളും കടന്നാണ് സി പി ഐ എമ്മും ഇടതുപക്ഷവും ഇന്നത്തെ അവസ്ഥയിൽ എത്തിയത്. ഉദാഹരണത്തിന് 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് 40 സീറ്റാണ് ലഭിച്ചത്. അന്നും സി പി ഐ എമ്മും ഇടതുപക്ഷവും തകർന്നുവെന്ന ആഖ്യാനം വലതുപക്ഷം ഉയർത്തി. എന്നാൽ 2006 ൽ 98 സീറ്റ് നേടി എൽ ഡി എഫ് അധികാരത്തിലെത്തി. 2010 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് തോൽവിയുണ്ടായി. 6 ജില്ലാ പഞ്ചായത്തുകൾ മാത്രമാണ് ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്തുകൾ 59 ഉം ഗ്രാമ പഞ്ചായത്തുകളിൽ 360 ഉം മുനിസിപ്പാലിറ്റികളിൽ 17 ഉം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ ലഭിച്ചതിനെക്കാളും വോട്ട് കുറവായിരുന്നിട്ടും 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ഭരണം നഷ്ടമായത് വെറും രണ്ട്‌ സീറ്റിനായിരുന്നു. ഇരട്ടിശക്തിയോടെ തിരിച്ചുവരാനുള്ള കരുത്ത് കമ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുണ്ട്.

​എന്തുവിലകൊടുത്തും എൽ ഡി എഫിനെ തോൽപ്പിക്കുക എന്ന നയമാണ് യു ഡി എഫും ബി ജെ പിയും കൈക്കൊണ്ടത്. 10 വർഷമായി സംസ്ഥാനത്തും 11 വർഷമായി കേന്ദ്രത്തിലും ഭരണമില്ലാത്ത കോൺഗ്രസിന് തദ്ദേശ തെരഞ്ഞെടുപ്പിലും തോറ്റാൽ അടിത്തറ ഇളകും. അതിനാൽ വർഗീയ- തീവ്രവാദ കക്ഷികളായ ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും സഖ്യത്തിലാണ് 400 ഓളം തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫ് മത്സരിച്ചത്. തിരുവനന്തപുരം കോർപറേഷനിൽ ഉൾപ്പെടെ കോൺഗ്രസും ബി ജെ പിയും പരസ്‌പരധാരണയുണ്ടായിരുന്നു.

തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ജയിച്ച 41 സീറ്റിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. ബിജെപി ജയിക്കുകയും എൽഡിഎഫ് രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്ത 25 സീറ്റിൽ യുഡിഎഫിന് ലഭിച്ചത് ആയിരം വോട്ടിൽ താഴെയാണ്. തിരുവനന്തപുരം കോർപറേഷനിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയത് ബിജെപിയാണെങ്കിലും ഏറ്റവും കൂടുതൽ വോട്ട് നേടിയത് എൽഡിഎഫാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാംസ്ഥാനത്തായ എൽഡിഎഫ് ഇത്തവണ 1,67,522 വോട്ട് നേടി ഒന്നാമതെത്തി. അന്ന്‌ ഒന്നാംസ്ഥാനത്തായിരുന്ന ബിജെപി രണ്ടാംസ്ഥാനത്തായി. ​എൽഡിഎഫിന്റെ കോട്ടകൾ തകർന്നടിഞ്ഞു എന്ന് വിലയിരുത്തുന്നവർ അറിയാനായി ചില ഉദാഹരണങ്ങൾ പറയാം. 1964 മുതൽ പ്രതിപക്ഷമില്ലാതെ സിപിഐ എമ്മും എൽഡിഎഫും ഭരിക്കുന്ന ആന്തൂരിൽ (2015ലാണ് മുനിസിപ്പാലിറ്റിയായത്) 29ൽ 29 സീറ്റും എൽഡിഎഫ് ഇക്കുറിയും നേടി. അഞ്ച് സീറ്റിൽ എതിരില്ല. (സംസ്ഥാനത്ത് 15 സീറ്റിൽ എൽഡിഎഫിന്‌ എതിരില്ല) കണ്ണൂരിൽ 10 തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫിന് പ്രതിപക്ഷമില്ല. കാസർകോട്ടെ പിലിക്കോടും പാലക്കാട് കണ്ണമ്പ്ര പഞ്ചായത്തിലും എൽഡിഎഫ് എല്ലാ സീറ്റും നേടി.

എൽഡിഎഫ് നേട്ടമുണ്ടാക്കി

ന്യൂനപക്ഷങ്ങൾ ഏറെയുള്ള പല തദ്ദേശ സ്ഥാപനങ്ങളിലും എൽഡിഎഫ് ഇക്കുറി വിജയിച്ചു. നേരത്തേ ഞാൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയ കാര്യം ഒന്നുകൂടി ഓർമിപ്പിക്കട്ടെ. മലപ്പുറം ജില്ലയിൽ 10 ലക്ഷത്തിലേറെ വോട്ടുകൾ എൽഡിഎഫ്‌ നേടി എന്നത്‌ കള്ളപ്രചാരണം നടത്തുന്നവർ മനസ്സിലാക്കണം. ആർഎസ്എസിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും വർഗീയനയങ്ങളെ ഞങ്ങൾ എതിർത്തിട്ടുണ്ട്. അതിനിയും തുടരും. ആർഎസ്എസിനെ എതിർക്കുന്നതിന്റെ അർഥം ഹിന്ദുക്കളെ എതിർക്കുന്നുവെന്നല്ല. ഹിന്ദുത്വ വർഗീയതയെയാണ് എതിർക്കുന്നത്. അതുപോലെ ജമാഅത്തെ ഇസ്ലാമിയെ എതിർക്കുന്നതിന്റെ അർഥം മുസ്ലിങ്ങളെ എതിർക്കുന്നുവെന്നല്ല. മുസ്ലിങ്ങളിലെ വർഗീയവാദികളോട് മാത്രമാണ് എതിർപ്പ്. എന്നാൽ വർഗീയതയെ എതിർക്കുന്നത് മതത്തെ എതിർക്കുകയാണെന്ന വ്യാഖ്യാനം ചമയ്ക്കുന്നത് ഇതേ വർഗീയവാദികൾ തന്നെയാണ്. അത് തിരിച്ചറിയാൻ നമുക്ക് കഴിയണം. കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റുംവിധം ബിജെപി വളർന്നുവെന്ന മാധ്യമ ആഖ്യാനവും വസ്തുതയല്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 19 ഗ്രാമപഞ്ചായത്ത് എന്നത് ബിജെപി ഇക്കുറി 26 ആയി ഉയർത്തിയെന്നത് ശരിയാണ്. എന്നാൽ കഴിഞ്ഞ തവണ ഭരിച്ച പന്തളം മുനിസിപ്പാലിറ്റി ഇക്കുറി അവർക്ക് നഷ്ടമായി. എൽഡിഎഫ് ആണ് ഭരണം പിടിച്ചത്. കഴിഞ്ഞ തവണ ഭരിച്ച പാലക്കാടും പുതുതായി തൃപ്പൂണിത്തുറയിലും ഏറ്റവും വലിയ കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടാനായില്ല. ശബരിമല സ്വർണപാളി വിഷയം ഉയർത്തി വൻപ്രചാരണം നടത്തിയ ബിജെപിക്ക് ശബരിമലയിലും പരിസരത്തും ഉള്ള തദ്ദേശസ്ഥാപനങ്ങളിൽ കനത്ത തിരിച്ചടി ലഭിച്ചു. ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന റാന്നിയിലെ പെരുനാട് പഞ്ചായത്തിലെ വാർഡിൽ വിജയിച്ചത് അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ മത്സരിച്ച സ്ഥാനാർഥിയാണ്. ഇവിടെയും ബിജെപി മൂന്നാംസ്ഥാനത്താണ്. പെരുനാട് പഞ്ചായത്ത് ഭരണം തുടർച്ചയായി രണ്ടാംതവണയും എൽഡിഎഫിന് ലഭിച്ചു. സന്നിധാനം ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനായ ചിറ്റാറിലും എൽഡിഎഫാണ് വിജയിച്ചത്. സമീപ പഞ്ചായത്തുകളായ കുളനട, ചെറുകോൽ, മുത്തോലി പഞ്ചായത്ത് ഭരണവും എൻഡിഎയ്‌ക്ക് നഷ്ടമായി. വിശ്വാസിസമൂഹം എൽഡിഎഫിനെതിരാണെന്ന പ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണിത്. ഗുരുവായൂർ ക്ഷേത്രമുള്ള മുനിസിപ്പാലിറ്റിയിലും പറശിനി മഠപ്പുര സ്ഥിതിചെയ്യുന്ന വാർഡിലും തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രമുള്ള വാർഡിലും കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിലും എൽഡിഎഫ് ആണ് വിജയിച്ചത്.

ബിജെപിയെ പ്രതിരോധിക്കും

ബിജെപി ആദ്യമായി ലോക്‌സഭാ സീറ്റ് നേടിയ തൃശൂരിലും വലിയ മുന്നേറ്റം നടത്തിയ ആലപ്പുഴയിലും അവർക്ക് അത് നിലനിർത്താനായില്ല. സുരേഷ്ഗോപി വൻ പ്രചാരണം നടത്തിയിട്ടും തൃശൂർ കോർപറേഷനിൽ രണ്ട് സീറ്റ് വർധിപ്പിച്ച് എട്ട് സീറ്റ് നേടാനേ ബിജെപിക്കായുള്ളൂ. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി പിടിക്കുമെന്ന് വീമ്പടിച്ച സുരേഷ് ഗോപിക്ക് അതും വിഴുങ്ങേണ്ടി വന്നു. മൂന്ന് ജില്ലാ പഞ്ചായത്ത് അംഗങ്ങളുണ്ടായിരുന്ന ബിജെപിക്ക് ഇക്കുറി ലഭിച്ചത് കാസർകോട്ടെ ബദിയടുക്ക മാത്രമാണ്.10000 വാർഡുകളിൽ 25 ശതമാനം വോട്ട് എന്ന ലക്ഷ്യവുമായി പ്രചാരണം ആരംഭിച്ച ബിജെപിക്ക് 1500ഓളം വാർഡിൽ മാത്രമാണ് ജയിക്കാനായത്. ബിജെപി ഇപ്പോഴും കേരളത്തിന് എളുപ്പം സ്വീകരിക്കാവുന്ന പാർടിയായി മാറിയിട്ടില്ലെന്ന്‌ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. മത വർഗീയ രാഷ്ട്രീയത്തിനെതിരെ സിപിഐ എമ്മും എൽഡിഎഫും നടത്തുന്ന ചെറുത്തുനിൽപ്പാണ് കേരളത്തിൽ ബിജെപിയെ പ്രതിരോധിക്കുന്നത്‌.