ആലപ്പുഴ: മാവേലിക്കര എസ്എൻഡിപി യൂണിയനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട്  നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച്. യൂണിയൻ മുൻ സെക്രട്ടറിയായിരുന്ന സുരേഷ് ബാബുവിന്റെയും ഭാരവാഹി ആയിരുന്ന രേവമ്മയുടെയും വീട്ടിൽ നിന്ന് ബാങ്ക് രേഖകളടക്കം നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്.

മാവേലിക്കര എസ്എൻഡിപി യൂണിയനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിൽ സുഭാഷ് വാസുവിന്‍റെ വീട്ടിൽ ഇന്ന് രാവിലെ റെയ്ഡ് നടത്തിയിരുന്നു. മാവേലിക്കര എസ്എൻഡിപി യൂണിയൻ മുൻ പ്രസിഡന്‍റാണ് സുഭാഷ് വാസു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈം ബ്രാഞ്ച് രണ്ട് തവണ നോട്ടീസ് നൽകിയിട്ടും സുഭാഷ് വാസു ഹാജരായിരുന്നില്ല. കായകുളം പള്ളിക്കലിലെ വീട്ടിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്. 

ഇതോടൊപ്പമാണ് സുരേഷ് ബാബുവിന്റെയും രേവമ്മയുടെയും അടക്കം നാല് വീടുകളിൽ ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയത്. ഇവരുടെ വീടുകളിൽ നിന്ന് മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിലെ നിർണായക വിവരങ്ങളാണെന്നും അന്വേഷണ സംഘം പറഞ്ഞു. തട്ടിപ്പു കേസിൽ അന്വേഷണം തുടങ്ങിയ ശേഷം യൂണിയൻ ഓഫീസിൽ നിന്നും പ്രതികൾ ഇവയെല്ലാം മാറ്റിയതായി അഡ്മിനിസ്ട്രേറ്റർ ക്രൈം ബ്രാഞ്ചിന് പരാതി നൽകിയിരുന്നു.