തിരുവനന്തപുരം: താൽകാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് കെഎസ്ഐർടിസിയിൽ പ്രതിസന്ധി തുടരുന്നു. ഇന്ന് നാനൂറോളം ബസ് സർവീസുകൾ മുടങ്ങി. അതേസമയം,  ദിവസവേതനാടിസ്ഥാനത്തിൽ ഇന്ന് ജോലിക്ക് കയറിയത് ഒരുവിഭാഗം ഡ്രൈവർമാർ മാത്രമാണ്.

ഓരോ ഡിപ്പോയിലും പത്ത് സർവീസുകൾ വരെ മുടങ്ങിയതായാണ് വിവരം. ഇന്നലെ എഴുന്നൂറോളം സർവീസുകൾ മുടങ്ങിയതായാണ് അധിക‍ൃതർ പറഞ്ഞത്. എന്നാൽ ആയിരത്തി ഇരുന്നൂറിലേറെ സർവീസുകൾ മുടങ്ങിയതായാണ് അനൗദ്യോഗിക കണക്ക്. അതിന് മുൻമ്പുള്ള ദിവസം അഞ്ഞൂറിലേറെ സർവീസുകൾ സംസ്ഥാനമാകെ മുടങ്ങിയിരുന്നു.

ഈ പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണ് ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിച്ചുകൊണ്ട് സർവീസുകൾ നടത്താൻ കെഎസ്ആർടിസി തീരുമാനിച്ചത്. എന്നാൽ ഈ അനിശ്ചിതാവസ്ഥയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ഡ്രൈവർമാർ താല്പര്യം കാണിക്കുന്നില്ലെന്നാണ് വിവരം. 

Read More: കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം; ഇന്ന് റദ്ദാക്കിയത് 580 സര്‍വ്വീസുകൾ,ശമ്പള വിതരണം മുടങ്ങി

എന്നാൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്ത അതെ ആളുകളെ തന്നെ ദിവസവേതനാടിസ്ഥാനത്തിൽ ജോലിക്കെടുക്കുന്നത് നിയമപരമായ പ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ട്. ഇത് വീണ്ടും കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കുമോ എന്നുള്ള ആശങ്കയും കെഎസ്ആർടിസി മാനേജ്മെന്റ് പങ്കുവയ്ക്കുന്നുണ്ട്. ബസ് സർവീസുകൾ മുടങ്ങിയതുകൊണ്ട്  കെഎസ്ആർടിസിക്ക് മൂന്ന് കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 

അതിനിടെ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനെതിരെ ജിവനക്കാരുടെ നേത‍ൃത്വത്തിൽ ഇന്ന് എല്ലാ ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധമാർച്ചുകൾ സംഘടിപ്പിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം.

Read Also: കെഎസ്ആർടിസി സർവീസുകൾ ഇന്നും മുടങ്ങാൻ സാധ്യത, ദിവസക്കൂലിക്ക് ഡ്രൈവർമാരെ നിയോഗിക്കും