സ്പീക്കറായിരുന്നപ്പോൾ പലവട്ടം ഉപദേശിക്കേണ്ടിവന്നിട്ടുള്ള ഷംസീർ, അടുത്ത സ്പീക്കറാകുന്നതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നായിരുന്നു ചോദ്യം
പാലക്കാട്: സ്പീക്കർ സ്ഥാനത്ത് നിന്ന് മന്ത്രി സ്ഥാനത്തേക്കെത്തുന്ന എം ബി രാജേഷ്, തീരുമാനമറിഞ്ഞ ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ടപ്പോൾ പക്വതയോടെയാണ് പ്രതികരിച്ചത്. പാർട്ടി ഔദ്യോഗികമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് താൻ മന്ത്രിയാകാൻ പോകുകയാണെന്ന് അറിഞ്ഞതെന്ന് രാജേഷ് വ്യക്തമാക്കി. അതും മാധ്യമ പ്രവർത്തകർ വാർത്താക്കുറിപ്പ് കാണിച്ചപ്പോഴാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി സ്ഥാനം പാർട്ടി ഏല്പിച്ച ചുമതലയാണെന്നും അതിനോട് നീതി പുലർത്താൻ പരമാവധി ശ്രമിക്കുമെന്നും നിയുക്ത മന്ത്രി പ്രതികരിച്ചു. കേരള നിയമസഭയുടെ നാഥനായിരിക്കാനായതിൽ സന്തോഷമുണ്ടെന്നും സ്പീക്കർ എന്ന നിലയിലുള്ള അനുഭവം വളരെ വലുതായിരുന്നുവെന്നും എം ബി രാജേഷ് വ്യക്തമാക്കി.
പിന്നീടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യവും അതിനുള്ള എം ബി രാജേഷിന്‍റെ മറുപടിയും രസകരമായിരുന്നു. സ്പീക്കറായിരുന്നപ്പോൾ പലവട്ടം ഉപദേശിക്കേണ്ടിവന്നിട്ടുള്ള ഷംസീർ, അടുത്ത സ്പീക്കറാകുന്നതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നായിരുന്നു ചോദ്യം. 'ഷംസീറിന് ഇനി എന്നെ ഉപദേശിക്കാനുള്ള അവസരമുണ്ടല്ലോ' എന്നായിരുന്നു നിയുക്ത മന്ത്രിയുടെ രസകരമായ കമന്‍റ്. തുടർന്ന് സ്പീക്കർ ചെയറിലിരിക്കുമ്പോൾ അങ്ങനെയുള്ള ഇടപെടലുകൾ വേണ്ടിവരുമെന്നും അദ്ദേഹം വിശദീകരിച്ചു. അത് ആരായാലും ചെയ്യേണ്ടിവരും. എല്ലാ ചുമതലകളും ഒരുപോലെ അല്ല. എം എൽ എയുടെ ചുമതല അല്ലല്ലോ സ്പീക്കർക്കുള്ളത്. അത്തരം സാഹചര്യത്തിൽ എല്ലാവർക്കും അവരവരുടെ ചുമതല വഹിക്കേണ്ടിവരും. അത്തരം ചുമതല മാത്രമാണ് താൻ വഹിച്ചിട്ടുള്ളതെന്നും എം ബി രാജേഷ് ചൂണ്ടികാട്ടി.
വീഡിയോ കാണാം

അപ്രതീക്ഷിതം! സഭാനാഥനാകാന്‍ എഎന്‍ ഷംസീര്‍
സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ എം വി ഗോവിന്ദന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതോടെയാണ് എം ബി രാജേഷിനെ മന്ത്രിയാക്കാനും എ എൻ ഷംസീറിനെ സ്പീക്കറാക്കാനും പാർട്ടി തീരുമാനിച്ചത്. എക്സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എംവി ഗോവിന്ദന്‍. എംവി ഗോവിന്ദന് പകരം സ്പീക്കറായിരുന്ന എംബി രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെന്ന് സിപിഎം സെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പിലൂടെയാണ് അറിയിച്ചത്. എംവി ഗോവിന്ദന്‍ കൈകാര്യം ചെയ്ത അതേ വകുപ്പുകള്‍ തന്നെ എംബി രാജേഷിന് നല്‍കിയേക്കും. സെപ്റ്റംബര്‍ ആറിന് ഉച്ചക്ക് 12നായിരിക്കും സത്യപ്രതിജ്ഞ. രണ്ടുതവണ എംപിയായ രാജേഷ് ആദ്യമായാണ് ഇക്കുറി നിയമസഭയിലെത്തുന്നത്. വി ടി ബല്‍റാം തുടര്‍ച്ചയായി രണ്ടുതവണ ജയിച്ച തൃത്താല മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചാണ് ഇക്കുറി എം ബി രാജേഷ് സഭയിലെത്തുന്നത്. തലശ്ശേരിയില്‍നിന്ന് രണ്ടാം തവണയാണ് എഎന്‍ ഷംസീര്‍ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്.
'നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നും ജയം, സ്വീകാര്യനായ സ്പീക്കർ'... എം ബി രാജേഷ് ഇനി മന്ത്രി
