Asianet News MalayalamAsianet News Malayalam

എംബി രാജേഷ് കേരള നിയമസഭാ സ്പീക്കർ; 56 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിസി വിഷ്ണുനാഥിനെ പരാജയപ്പെടുത്തി

നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പേർ ഇന്ന് സഭയിൽ എത്തിയിരുന്നില്ല. അബ്ദുറഹിമാൻ, എം വിൻസന്റ്, കെ ബാബു എന്നിവരാണ് ഇന്നെത്താതിരുന്നത്

MB Rajesh elected as 15th Kerala assembly speaker defeats PC Vishnunath
Author
Thiruvananthapuram, First Published May 25, 2021, 10:05 AM IST

തിരുവന്തപുരം: സിപിഎമ്മിന്റെ യുവ നേതാവ് എംബി രാജേഷ് പതിനഞ്ചാം നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥി പിസി വിഷ്ണുനാഥിനെതിരെയാണ് വിജയം. എംബി രാജേഷ് 96 വോട്ട് നേടിയപ്പോൾ പിസി വിഷ്ണുനാഥിന് 40 വോട്ടാണ് നേടാനായത്. 56 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. ഒരു മണിക്കൂറോളം സമയമെടുത്താണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്. 

നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പേർ ഇന്ന് സഭയിൽ എത്തിയിരുന്നില്ല. മന്ത്രി വി അബ്ദുറഹിമാൻ, കോവളം എംഎൽഎ എം വിൻസന്റ്, നെന്മാറ എംഎൽഎ കെ ബാബു എന്നിവരാണ് ഇന്നെത്താതിരുന്നത്. പ്രോ ടൈം സ്പീക്കറായ പിടിഎ റഹീമും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. നിയമസഭാ നടപടികൾ പൂർത്തിയാക്കിയ ശേഷം നിയമസഭയ്ക്ക് പുറത്തെത്തി മഹാത്മാ ഗാന്ധി പ്രതിമയിലും ഇഎംഎസിന്റെ പ്രതിമയിലും പുഷ്പാർച്ചന നടത്തിയ ശേഷം സ്പീക്കർ മാധ്യമങ്ങളോട് പ്രതികരിക്കുമെന്നാണ് കരുതുന്നത്.

നിയമസഭയിലേക്കുള്ള കന്നിയംഗത്തിൽ തന്നെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടെന്ന നേട്ടവും എംബി രാജേഷിന് സ്വന്തമായി. കേരള നിയമസഭയിലെ 23ാമത് സ്പീക്കറാണ് അദ്ദേഹം. എംബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രോ ടൈം സ്പീക്കർ സ്ഥാനമൊഴിഞ്ഞു. എംബി രാജേഷിനെ സ്പീക്കർ സീറ്റിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുഗമിച്ചു. 

മുഖ്യമന്ത്രിയുടെ അഭിനന്ദന പ്രസംഗം

അറിവും അനുഭവവും സമന്വയിച്ച സവിശേഷ വ്യക്തിത്വമാണ്. സ്പീക്കർമാരുടെ നിരയിൽ പ്രഗത്ഭരുടെ നിരയാണ് നാം കണ്ടത്. ആ വ്യക്തിത്വത്തിന് എല്ലാ അർത്ഥത്തിലും ചേരുന്ന ഒരാളെ തന്നെ ഇത്തവണയും തെരഞ്ഞെടുക്കാനായി. എംബി രാജേഷിനെ അഭിനന്ദിക്കുന്നു. സഭയുടെ ആഹ്ലാദകരമായ മനോഭാവം ആത്മാർത്ഥമായി പങ്കുവെക്കുന്നു. ജനാധിപത്യപരമായ നിയമസഭാംഗങ്ങളുടെ കടമ അർത്ഥപൂർണമായി സഭയിൽ നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കാൻ സ്പീക്കർക്ക് കഴിയട്ടെ. അദ്ദേഹത്തിന് അത് സാധ്യമാകുന്ന തരത്തിൽ എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നു. സഭാ അംഗങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനും സർക്കാരിന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിനും സ്പീക്കർക്ക് കഴിയട്ടെ.

സഭയുടെ പൊതുവായ ശബ്ദമാണ് സ്പീക്കറിൽ നിന്ന് ഉയർന്ന് കേൾക്കേണ്ടത്. ആ നിലയ്ക്ക് ശബ്ദമാകാൻ അദ്ദേഹത്തിന് സാധിക്കട്ടെ. ഭരണ-പ്രതിപക്ഷ അംഗങ്ങളിൽ നിന്ന് അദ്ദേഹത്തിന് സഹകരണം ഉണ്ടാകണമെന്ന് സഭയിലെ ഓരോ അംഗത്തെയും ഓർമ്മിപ്പിക്കുന്നു. എങ്കിലേ സ്പീക്കർക്ക് സഭയുടെ പരമാധികാരം ഉയർത്തിപ്പിടിക്കാനാവൂ. എംബി രാജേഷ് വിവിധ തലങ്ങളിൽ പ്രവർത്തിച്ചതിന്റെ അറിവുള്ള വ്യക്തിയാണ്. ഏത് ഗഹനമായ വിഷയവും ലളിതമായി ചർച്ചയിൽ അവതരിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. പ്രതിപക്ഷ ബഹുമാനവും മാന്യതയും പക്വതയും വിടാതെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം പ്രശംസനീയമാണ്.

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

 


 

Follow Us:
Download App:
  • android
  • ios