പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിൽ ഇത്തവണയും വിദ്യാർത്ഥി പ്രവേശനം ഉണ്ടാകില്ല. പ്രവേശനം സംബന്ധിച്ച് അഖിലേന്ത്യാ മെഡിക്കൽ കൗൺസിലിനെ സമീപിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. നടപടി വൈകുന്നതിൽ പരസ്പരം പഴി ചാരുകയാണ് എൽഡിഎഫും യുഡിഎഫും.

പൂർണമായും പണി തീർന്ന അക്കാഡമിക് ബ്ലോക്ക്, 300 കിടക്കകളോട് കൂടിയ ആശുപത്രി, അങ്ങനെ എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളും കോന്നി സ‍ർക്കാ‍ർ മെഡിക്കൽ കോളേജിൽ ഒരുക്കിയിട്ടുണ്ട്. എന്നിട്ടും വിദ്യാർഥി പ്രവേശനം എങ്ങുമെത്തിയില്ല. പ്രവേശനത്തിനായി ഓഗസ്റ്റ് മാസത്തിലെ ഇനി മെഡിക്കൽ കൗൺസിലിന് അപേക്ഷ നൽകാൻ കഴിയൂ. നടപടികൾ പൂർത്തിയായി വരുമ്പോഴേക്കും അടുത്ത അധ്യയന വർഷത്തിലേക്കുള്ള പ്രവേശനവും കഴിയും. അനുമതി കിട്ടൻ വൈകുന്നതോടെ രാഷ്ട്രീയ പോരും രൂക്ഷമാവുകയാണ്.

യുഡിഎഫ് സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മാണം തുടങ്ങിയതാണ് പ്രവേശനം വൈകാൻ കാരണമായതെന്നാണ് ഇടത് വാദം. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 100 സീറ്റിന് അനുമതി തേടി മെഡിക്കൽ കൗൺസിലിനെ സമീപിച്ചിരുന്നെങ്കിലും അക്കാഡമിക് ബ്ലോക്കിന്റെയും ആശുപത്രിയുടേയും പണികൾ പൂർത്തിയാകാതിരുന്നതിനാൽ അനുമതി നൽകിയില്ല. എന്നാൽ ഇന്ന് പ്രാഥമിക നിർമ്മാണങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്.