ദില്ലി: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ ഒഴിവ് വരുന്ന എൻആർഐ സീറ്റുകൾ സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക് നൽകാമെന്ന് സുപ്രീംകോടതി. എന്നാൽ എൻആർഐ മാനദണ്ഡം പൂർണ്ണമായും പാലിച്ചു മാത്രമേ ഒഴിവ് വരുന്ന സീറ്റുകൾ അനുവദിക്കാവൂ.  കേരള പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്‌മെന്‍റ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.

15 ശതമാനം എൻആർഐ സീറ്റുകളിൽ ചിലത് വിദ്യാർഥികൾ ഇല്ലാത്തതിനാൽ ഒഴിച്ചിടേണ്ടി വരുന്നുവെന്നായിരുന്നു മാനേജ്മെന്‍റ് വാദം. 15 ശതമാനം സീറ്റുകളിലേക്ക് അഖിലേന്ത്യാ ക്വോട്ടയിൽ പ്രവേശനം നൽകാൻ നേരത്തെ തന്നെ സർക്കാർ തീരുമാനിച്ചിരുന്നു.

അതേസമയം പ്രവേശനസമയത്ത് ബാങ്ക് ഗ്യാരണ്ടി നൽകണം എന്ന ഹർജിയിലെ ആവശ്യത്തെപ്പറ്റി വിദ്യാർത്ഥികൾക്ക് മുൻകൂർ അറിയിപ്പ് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ഹർജിയിലെ അന്തിമ തീരുമാനത്തിന് അനുസൃതമായിട്ടായിരിക്കും ബാങ്ക് ഗ്യാരണ്ടി നൽകണോ എന്നു നിശ്ചയിക്കുക.