കോൺഗ്രസ് വേരോട്ടം അക്കാലത്ത് ശക്തമായിരുന്ന മണ്ഡലങ്ങളിലാണ് പലപ്പോഴും സി പി എമ്മിന് വേണ്ടി ജോസഫൈൻ പോരാട്ടത്തിനിറങ്ങിയിട്ടുള്ളത്

കണ്ണൂർ: പാർട്ടി കോൺഗ്രസ് വേദിയിൽ കുഴഞ്ഞു വീണ എം സി ജോസഫൈൻ മരണത്തിന് കീഴടങ്ങിയെന്ന വാർത്ത പുറത്തുവന്ന് മണിക്കൂറുകൾ കഴിയുമ്പോഴും പ്രവർത്തകരുടെയും നേതാക്കളുടെയും വേദനയായി അത് അവശേഷിക്കും. കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെയുള്ള വേർപാട് ആർക്കും അത്ര പെട്ടന്ന് മാറുന്നതാകില്ല. മരണത്തിന് കീഴടങ്ങിയില്ലായിരുന്നെങ്കിൽ ഒരു പക്ഷേ പുതിയ കേന്ദ്ര കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ട് സമ്മേളന പ്രതിനിധികളെ ജോസഫൈൻ അഭിവാദ്യം ചെയ്യുമായിരുന്നിരിക്കാം. പാര്‍ട്ടിക്കപ്പുറത്ത് എം സി ജോസഫൈന് മറ്റൊരു ജീവിതമില്ലായിരുന്നു. പ്രതിസന്ധികളെ മറികടന്നാണ് എറണാകുളത്ത് നിന്ന് അവര്‍ ദില്ലി വരെ രാഷ്ട്രീയം നയിച്ചത്. ഉറച്ച നിലപാടുകളുടെയും അടിയുറച്ച കമ്മ്യൂണിസ്റ്റ് ബോധ്യത്തിന്റെയും അടയാളമാണ് ഈ വനിതാ നേതാവ് ബാക്കിവയ്ക്കുന്നത്.

പള്ളിയെ തള്ളി, പാര്‍ട്ടിയെ മുറുകെ പിടിച്ച് അങ്കമാലിയിൽ ജീവിച്ച കമ്മ്യൂണിസ്റ്റ്. ഒറ്റ വരിയിൽ ജോസഫൈനെ ഇങ്ങനെ വിശേഷിക്കുന്നവർ ഏറെയാകും. പാര്‍ട്ടിയില്‍ വിഭാഗീയതയുടെ തീക്കാറ്റ് വീശിയ കാലത്ത് വി എസിന് വേണ്ടി എരിഞ്ഞ നേതാവ്. വനിത കമ്മിഷന്‍ അധ്യക്ഷയാകും മുന്‍പ് ഇങ്ങനെ ഒരു പതാകയും ഒരു കൊടിമരവും എം സി ജോസഫൈന്‍റെ പ്രവര്‍ത്തന കാലത്തിന്‍റെ പാര്‍ട്ടി സമ്മേളനത്തിലുണ്ട്. പദവികളേതാണെങ്കിലും പാര്‍ട്ടിക്ക് വിധേയമായ രാഷ്ട്രീയ ജീവിതമായിരുന്നു ജോസഫൈന്‍റേത്. മുപ്പതാം വയസിലാണ് സി പി എമ്മില്‍ അംഗമാകുന്നത്. 1984 ല്‍ എറണാകുളം ജില്ലാകമ്മിറ്റി അംഗമായി. മൂന്നാംവര്‍ഷം സംസ്ഥാന കമ്മിറ്റിയിലുമെത്തി. രണ്ടുപതിറ്റാണ്ടുകാലം കേന്ദ്രകമ്മിറ്റി അംഗമായും പാര്‍ട്ടിയെ നയിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ നെടും തൂണായിരുന്നു ജോസഫൈന്‍. മഹിളാ അസോസിയേഷന്‍റെ സംസ്ഥാന പ്രസിഡന്‍റും അഖിലേന്ത്യാ വൈസ്‌ പ്രസിഡന്‍റും ആയി പ്രവർത്തിച്ചു. സി ഐ ടി യു വിലും ജോസഫൈന്‍ കൊടി പിടിച്ചു. 

വലിയ തിരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ പോരാളിയായിരുന്നു ഒരു കാലത്ത് ജോസഫൈൻ. കോൺഗ്രസ് വേരോട്ടം അക്കാലത്ത് ശക്തമായിരുന്ന മണ്ഡലങ്ങളിലാണ് പലപ്പോഴും സി പി എമ്മിന് വേണ്ടി ജോസഫൈൻ പോരാട്ടത്തിനിറങ്ങിയിട്ടുള്ളത്. വലിയ തെരഞ്ഞെടുപ്പുകളിലെല്ലാം പരാജയപ്പെട്ട ജോസഫൈന്‍ ഒന്നരപതിറ്റാണ്ടോളം അങ്കമാലി നഗരസഭ കൗണ്‍സിലറായിരുന്നു. റാന്നിയിലും അങ്കമാലിയിലും കൊച്ചി മണ്ഡലത്തിലുമാണ് ജയിക്കാതെ പോയത്. 1989 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിലും തോറ്റു. തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ പേരില്‍ പക്ഷേ പാര്‍ട്ടി ജോസഫൈനെ മാറ്റി നിര്‍ത്തിയില്ല. ദേശാഭിമാനി ഡയറക്ടർ ബോർഡ് അംഗം. ജി സി ഡി എ ചെയർപേഴ്സൺ, വനിത വികസന കോർപ്പറേഷൻ അധ്യക്ഷ എന്നിങ്ങനെ പരിഗണിച്ചു. വിഭാഗീയതയുടെ കാലത്ത് നിയമസഭാ സാധ്യതകള്‍ തഴയപ്പെട്ടെങ്കിലും അവര്‍ പരാതിപ്പെട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ അക്കാലത്തെല്ലാം വി എസിന്‍റെ നിഴലായി കൂടെനിന്നു. പക്ഷം വിട്ടെങ്കിലും പാര്‍ട്ടിയാണ് തന്‍റെ കോടതി എന്നുവരെ പറഞ്ഞുവച്ചിരുന്നു ഈ വനിതാ നേതാവ്. പി ശശിക്കെതിരെയും എ വിജയരാഘവനെതിരെയും പരാതികളുയര്‍ന്ന കാലത്ത് ജോസഫൈന് പാര്‍ട്ടിയെ സംരക്ഷിച്ചു. വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ നിലപാട് പരക്കെ വിമര്‍ശിക്കപ്പെട്ട കാലത്താണ് കാലാവധി പൂര്‍ത്തിയാകാൻ ഒമ്പതുമാസം ബാക്കിനില്‍ക്കെ അധ്യക്ഷസ്ഥാനം അവര്‍ക്ക് രാജിവച്ചിറങ്ങേണ്ടിവന്നത്.

എറണാകുളം മഹാരാജാസില്‍നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയ ജോസഫൈന്‍ ആദ്യ കാലത്ത് പാരലൽ കോളജില്‍ അധ്യാപികയായിരുന്നു. സോഷ്യലിസ്റ്റ് ആശയത്തോടായിരുന്നു ആകര്‍ഷണം. പരിവര്‍ത്തന വാദികളായ കോണ്‍ഗ്രസുകാരുടെ ഇടയിലൂടെയാണ് അങ്കമാലിയില്‍ അവര്‍ കമ്മ്യൂണിസ്റ്റായത്. 1948 ആഗസ്റ്റ് മൂന്നിന്‌ വൈപ്പിൻ മുരിക്കും പാടത്തായിരുന്നു ജനിച്ചത്. ചുവപ്പണിഞ്ഞ കണ്ണൂരില്‍, സഖാക്കളുടെ നടുവിൽ, ഇരുപത്തി മൂന്നാം പാര്‍ട്ടികോണ്‍ഗ്രസ് വേദിയിൽ ഹൃദയാഘാതത്താൽ കുഴഞ്ഞു വീഴുമ്പോൾ ഏവരും ജോസഫൈൻ ചെങ്കൊടി പിടിക്കാൻ തിരികെ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷേ അതുണ്ടായില്ല, പാർട്ടി കോൺഗ്രസിനെത്തിയ സഖാക്കളോട് റെഡ് സല്യൂട്ട് പറഞ്ഞ് ജോസഫൈൻ വിട പറഞ്ഞകലുമ്പോൾ രാഷ്ട്രീയ കേരളത്തിന്‍റെ നഷ്ടങ്ങളുടെ വില കൂടുകയാണ്.