കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎയെ അറസ്റ്റ് ചെയ്ത നടപടി സംസ്ഥാന സർക്കാരിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണെന്ന് ലീഗ് ജില്ലാ നേതൃത്വം. ഇഡി കോടിയേരിയുടെ വീട്ടിൽ എത്തിയ സാഹചര്യത്തിൽ, അത് മറച്ചുവെക്കാനാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുറഹ്മാൻ പറഞ്ഞു. എംഎൽഎക്കെതിരെ നടപടി വേണോയെന്ന് പാർട്ടി അവലോകനം ചെയ്യും. എംഎൽഎ എന്ന നിലയിൽ സംസ്ഥാന കമ്മിറ്റിയാണ് ആ കാര്യത്തിൽ തീരുമാനം എടുക്കണ്ടത്. എംഎൽഎ സംസ്ഥാന കമ്മിറ്റിയുടെ പരിധിയിലാണെന്നും അദ്ദേഹം പറഞ്ഞു.

അറസ്റ്റിന് പിന്നിൽ സംസ്ഥാന സർക്കാരിന്റെ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് എംസി കമറുദ്ദീൻ എംഎൽഎ പ്രതികരിച്ചു. 'ഞാനതിന്റെ ചെയർമാൻ മാത്രമായിരുന്നു. എനിക്കിതിൽ യാതൊരു പങ്കുമില്ല. എന്റെ പേരിൽ ഒരു കുറ്റവുമില്ല. ചെയർമാനായത് കൊണ്ട് മാത്രമാണ് എനിക്കെതിരെ നടപടിയെടുത്തത്. അറസ്റ്റിന് മുൻപ് നോട്ടീസ് നൽകിയില്ല. തിങ്കളാഴ്ച തന്റെ കേസ് കേരള ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇന്ന് ജനപ്രതിനിധിയായിട്ടും തന്നെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്,' എന്നും എംഎൽഎ പറഞ്ഞു.

'ഇതുകൊണ്ടൊന്നും എന്നെ തകർക്കാനാവില്ല' എന്നും കമറുദ്ദീൻ പറഞ്ഞു. എസ്‌പി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. കൊവിഡ് പരിശോധനക്കായി കാസർകോട് ജനറൽ ആശുപത്രിയിലേക്കാണ് എംഎൽഎയെ കൊണ്ടുപോയിരിക്കുന്നത്. ഇവിടെ നിന്ന് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കും. ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നാല് കേസുകളിലാണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. 109 കേസുകൾ ഇദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 13 കോടിയിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസാണ് ഇതുവരെ എംഎൽഎയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.