ഏലൂക്കര സ്വദേശിയായ 21കാരനെ 4.21 ഗ്രാം എംഡിഎംഎയുമായി എക്സൈസ് വിഭാഗം പിടികൂടി

കൊച്ചി: വിദ്യാർത്ഥികൾക്ക് ഇടയിൽ എംഡിഎംഎ വിൽപ്പന നടത്തി വന്ന യുവാവ് അറസ്റ്റിൽ. വരാപ്പുഴ ഏലൂക്കര സ്വദേശി മുഹമ്മദ് നസീഫിനെയാണ് വരാപ്പുഴ എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് എംഡിഎംഎ അടക്കം പിടികൂടിയിട്ടുണ്ട്. പ്രതിയിൽ നിന്നും മയക്കുമരുന്ന് തൂക്കി വിൽക്കുന്നതിന് ഉപയോഗിച്ച ഇലക്ട്രോണിക് വെയിങ്ങ് മെഷീൻ, സിപ്പ് ലോക്ക് പ്ലാസ്റ്റിക് കവറുകൾ, പണം, മൊബൈൽ എന്നിവ കണ്ടെത്തി. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു.

വിദ്യാർത്ഥികൾക്ക് അമിത വിലയ്ക്ക് അതിമാരക മയക്കുമരുന്നായ എംഡിഎംഎ മുഹമ്മദ് നസീഫിനെ കുറിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നു. വരാപ്പുഴ എക്സൈസ് റേഞ്ച് അതിർത്തികളിൽ എക്സൈസ് ഇൻസ്പെക്ടർ കെ എ അനീഷും സംഘവും പെട്രോളിങ് നടത്തി വരുന്നതിനിടയിലാണ് രഹസ്യ വിവരം ലഭിച്ചത്. പിടിയിലായ നസീഫിന് 21 വയസാണ് പ്രായം. ഇയാളുടെ പക്കൽ നിന്നും 4.218 ഗ്രാം എം ഡി എം എ പരിശോധനയിൽ കണ്ടെടുത്തു. തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മയക്കുമരുന്ന് തൂക്കി വിൽക്കാൻ ഉപയോഗിച്ച ഇലക്ട്രോണിക് വെയിങ്ങ് മെഷീൻ, സിപ്പ് ലോക്ക് പ്ലാസ്റ്റിക് കവറുകൾ, 3500 രൂപ വില്പന പണം, മൊബൈൽ ഫോൺ എന്നിവയും പ്രതിയുടെ പക്കൽ നിന്നും കണ്ടെത്തി.

വരാപ്പുഴ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എൻ.സി സജീവ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അനീഷ് കെ ജോസഫ്, സിവിൽ എക്സൈസ് ഓഫീസർ ജോസ് റൈബി, അരുൺ, വനിതാ സിവിൽ എക്സൈസ് ഓഫീസർ മെർലിൻ ജോർജ്, എക്സൈസ് ഡ്രൈവർ രാജി ജോസ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു.