വെനസ്വേലയിൽ ചേരുന്ന വേൾഡ് പാർലമെന്ററി കമ്മറ്റി യോഗത്തിന് പോകാൻ സിപിഎം രാജ്യസഭാ എംപി ഡോ. വി. ശിവദാസന് അനുമതി നിഷേധിച്ചു
ദില്ലി: സിപിഎം രാജ്യസഭാ എംപി ഡോ. വി. ശിവദാസന് വെനസ്വേലയിൽ ചേരുന്ന വേൾഡ് പാർലമെന്ററി കമ്മറ്റി യോഗത്തിന് പോകാനുള്ള യാത്രാനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. ലോകത്ത് വർദ്ധിച്ചുവരുന്ന ഫാസിസത്തെ കുറിച്ചായിരുന്നു ഇത്തവണത്തെ യോഗം. വിദേശകാര്യ മന്ത്രാലയത്തിൻ്റെ നടപടിയിൽ പ്രതികരിക്കാൻ ഇന്ന് 11.30 യ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് എംപി അറിയിച്ചു. പ്രതിപക്ഷ നേതാക്കളുടെ വിദേശ സന്ദർശനങ്ങൾക്ക് ഇതിന് മുൻപും കേന്ദ്രം യാത്രാനുമതി നിഷേധിച്ചിട്ടുണ്ട്. ശിവദാസൻ എംപിയുടെ യാത്രാനുമതി നിഷേധിച്ചതിൽ കേന്ദ്രം കാരണം വ്യക്തമാക്കിയിട്ടില്ല.
വെനസ്വേലയിലെ കരാകാസിൽ ഈമാസം നാല് മുതൽ ആറ് വരെയാണ് ഫാസിസത്തിനെതിരായി വേൾഡ് പാർലമെന്ററി ഫോറം സംഘടിപ്പിക്കുന്നത്. വെനസ്വേല ദേശീയ അസംബ്ലിയാണ് സംഘാടകർ. ലോകത്ത് വർദ്ധിച്ചുവരുന്ന ഫാസിസവും നിയോ ഫാസിസവും സമാന പ്രവണതകളുമാണ് യോഗത്തിലെ ചർച്ചാ വിഷയം. ഇന്ത്യയിൽ വളർന്നുവരുന്ന ഫാസിസത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ അവതരിപ്പിക്കാനാണ് എംപിക്ക് വ്യക്തിപരമായ ക്ഷണം ലഭിച്ചത്.
ദില്ലിയിൽ നിന്നും പോകാനാണ് കഴിഞ്ഞ ദിവസം എംപി വി ശിവദാസൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പൊളിറ്റിക്കൽ ക്ലിയറൻസ് തേടിയത്. എന്നാൽ രണ്ടുതവണ അപേക്ഷിച്ചിട്ടും അനുമതി നിഷേധിച്ചെന്നും, തുടർന്ന് യാത്ര റദ്ദാക്കേണ്ടി വന്നുവെന്നും എംപി പറയുന്നു. വെനസ്വേല ഇന്ത്യയുമായി മികച്ച ബന്ധം സൂക്ഷിക്കുന്ന രാജ്യമാണെന്നും, വസ്തുതകൾ പുറം ലോകത്ത് അവതരിപ്പിക്കുന്നതിനെതിരായ സംഘപരിവാർ നിലപാടാണ് നടപടിക്ക് കാരണമെന്നും എംപി വിമർശിച്ചു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കൾക്ക് വിദേശയാത്രാ അനുമതി നിഷേധിച്ചത് വിവാദങ്ങൾക്കിടയാക്കിയിരുന്നു.
