കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ മാനസിക-ശാരീരിക ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീക്കരിക്കാൻ കോടതി നിർദ്ദേശം. ഇതിനായി എറണാകുളം ഡിഎംഒയെ മൂവാറ്റുപുഴ വിജിലൻസ് കോടതി ചുമതലപ്പെടുത്തി. ബോർഡ് എത്രയും വേഗം രൂപീകരിച്ച് ഇബ്രാഹിം കുഞ്ഞിന്റെ മാനസിക-ശാരീരിക ആരോഗ്യനില പരിശോധിക്കണം. ഞായറോ തിങ്കളോ ആയി പരിശോധന നടത്താം. ചൊവ്വാഴ്ച രാവിലെ 11ന് മുമ്പ് കോടതിയിൽ മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കണം. മെഡിക്കൽ റിപ്പോർട്ടിന്റെ കോപ്പി കോടതിയിൽ സമർപ്പിക്കും മുമ്പ് കിട്ടണമെന്ന ഇബ്രാഹിം കുഞ്ഞിന്റെ ആവശ്യം ജഡ്ജി തള്ളി.

വിജിലൻസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആശുപത്രിയിലായ ഇബ്രാംഹിംകുഞ്ഞിന്‍റെ ആരോഗ്യനില വ്യക്തമായി അറിയുന്നതിനാണ് വിജിലൻസ് കോടതി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദ്ദേശിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നടക്കമുള്ള ഡോക്ടർമാർ സംഘത്തിലുണ്ടായേക്കും. ഇവരുടെ റിപ്പോർട്ട് അനുസരിച്ചാകും ഇബ്രാംഹികുഞ്ഞിനെ കസ്റ്റഡിയിൽ വേണമെന്ന വിജിലൻസിന്‍റെ അപേക്ഷയിൽ കോടതി തീരുമാനം എടുക്കുക. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കൊച്ചി ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്.